ഇടിയുടെ ആഘാതത്തിൽ സുധീഷ് റോഡിന്റെ മറുഭാഗത്തേക്ക് തെറിച്ചു വീണതിനാൽ വലിയ അപകടം ഒഴിവായി
തിരുവനന്തപുരം: കാരക്കോണം ധനുവച്ചപുരം റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് കെഎസ്ആർടിസി ബസ്സിനടിയിൽപ്പെട്ടു. ധനുവച്ചപുരം സ്വദേശിയായ സുധീഷിന്റെ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ധനുവച്ചപുരം പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു അപകടം.
അമരവിള ഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്ന സുധീഷിന്റെ ബൈക്ക് നിയന്ത്രണം വിട്ട് വെള്ളറട ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്സിൽ ഇടിക്കുകയായിരുന്നു. ബൈക്ക് പൂർണമായും ബസ്സിനടിയിൽപ്പെട്ടു. എന്നാല്‍ ഇടിയുടെ ആഘാതത്തിൽ സുധീഷ് റോഡിന്റെ മറുഭാഗത്തേക്ക് തെറിച്ചു വീണതിനാൽ വലിയ അപകടം ഒഴിവായി. നിസ്സാര പരിക്കുകളോടെ സുധീഷിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം തിരുവനന്തപുരത്ത് മകൾക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച അധ്യാപിക കാർ ഇടിച്ചു മരിച്ചു. പുഴനാട് ലയോള സ്കൂൾ അധ്യാപിക അഭിരാമിയാണ് മരിച്ചത്. തിരുവനന്തപുരം കള്ളിക്കൽ തേവൻകൊട് വെച്ചായിരുന്നു അപകടം. അഭിരാമിയായിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. സ്കൂട്ടറിൽ പിന്നിൽ ഇരിക്കുകയായിരുന്ന അർപ്പിതയ്ക്കും അപകടത്തിൽ പരിക്കേറ്റു. അഭിരാമിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അഭിരാമിയും അർപ്പിതയും സഞ്ചരിച്ച സ്കൂട്ടർ പതുക്കെയാണ് സഞ്ചരിച്ചിരുന്നത്. അഭിരാമിക്ക് അപകടത്തിന് പിന്നാലെ ബോധം നഷ്ടമായി. നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
