ആലപ്പുഴ: വീട്ടിൽക്കയറി പോർച്ചിലിരുന്ന ബൈക്കിന് തീയിട്ടു. കൈതവന പുതുശ്ശേരി വീട്ടിൽ അഖിലിന്റെ ബുള്ളറ്റാണ് കത്തിക്കാൻ ശ്രമിച്ചത്. ഇന്ന് പുലർച്ചെ നാലോടെ കാറിലെത്തിയ സംഘമാണ് തീയിട്ടത്. സമയോചിത ഇടപെടലിനെ തുടർന്നാണ് തീയണയ്ക്കാനായത്.

ഒരു കൊല്ലത്തിനിടെ രണ്ടാം തവണയാണിത്. കഴിഞ്ഞ ഡിസംബറിലും സമാനമായ രീതിയിൽ വീട്ടിലിരുന്ന ബൈക്കിന് തീയിട്ടിരുന്നു. അന്ന് മറ്റൊരു ബൈക്കിനാണ് തീയിട്ടത്. അഖിലുമായുള്ള മുൻവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. അഖിലിന്റെ അമ്മ ബിന്ദുവിന്റെ പേരിലുള്ളതാണ് ബൈക്ക്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ സഹിതം ഇവർ പോലീസിൽ പരാതി നല്കി.