Asianet News MalayalamAsianet News Malayalam

ആദ്യം ബൈക്ക് മോഷണം, ശേഷം മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കല്‍; പ്രതികള്‍ പിടിയില്‍

പ്രതികളെ ചോദ്യംചെയ്തതില്‍ നിന്നുമാണ് പിടിച്ചുപറിയും കളവും നടത്തുന്ന അന്തര്‍ സംസ്ഥാന സംഘമാണ് ഇവരെന്ന് മനസിലായത്

bike theft accused arrested from malappuram SSM
Author
First Published Sep 26, 2023, 9:43 PM IST

തൃശൂര്‍: ബൈക്ക് മോഷ്ടിച്ച് കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിച്ച പ്രതികള്‍ പിടിയില്‍. വടക്കാഞ്ചേരി കല്ലമ്പാറ സ്വദേശി അനുരാഗ് (23), കൊല്ലം കരിക്കോട് ചാത്തനാകുളം സ്വദേശി മുഹമ്മദ് സാജുദ്ദീന്‍ (30) എന്നിവരാണ് പിടിയിലായത്. വീടിനടുത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് രാത്രിയില്‍ മോഷ്ടിച്ചുകൊണ്ടുപോയ കേസിലാണ് ഇവര്‍ പിടിയിലായത്. വിയ്യൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാമ്പൂരിലാണ് സംഭവം.

പാമ്പൂര്‍ സ്വദേശി നിസാറുദ്ദീന്‍ എന്നയാള്‍ വീടിനടുത്ത് പാര്‍ക്ക് ചെയ്തിരുന്ന യമഹ ബൈക്ക് പ്രതികള്‍ സെപ്തംബര്‍ 11ന് രാത്രിയാണ് മോഷ്ടിച്ചത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച വിയ്യൂര്‍ പൊലീസ് നിരവധി സിസിടിവി കാമറകള്‍ പരിശോധിച്ചു. സമാന രീതിയില്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതികളെ കുറിച്ച് അന്വേഷണം നടത്തി. ഇതോടെ ഈ കേസില്‍ ഉള്‍പ്പെട്ട പ്രതികളും കൂട്ടാളികളും മലപ്പുറത്തെ ചേളാരിയിലുണ്ടെന്ന് മനസിലാക്കി. അവിടെ ഒരു ലോഡ്ജില്‍ ഒളിച്ചു താമസിക്കുകയായിരുന്ന പ്രതികള്‍ പൊലീസ് എത്തിയതറിഞ്ഞ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പൊലീസ് അതിസാഹസികമായി അവരെ കീഴ്‌പ്പെടുത്തുകയായിരുന്നു. 

തുടര്‍ന്ന് പ്രതികളെ ചോദ്യംചെയ്തതില്‍ നിന്നുമാണ് പിടിച്ചുപറിയും കളവും നടത്തുന്ന അന്തര്‍ സംസ്ഥാന സംഘമാണ് ഇവരെന്ന് മനസിലായത്. തൃശൂര്‍ ജില്ലയില്‍ മാത്രം എട്ട് പിടിച്ചുപറി, മോഷണ കേസുകളും മറ്റ് ജില്ലകളിലായി അഞ്ച് കേസുകളും പ്രതികളുടെ പേരില്‍ നിലവിലുണ്ട്. റോഡിലൂടെ നടന്നുപോകുന്ന സ്ത്രീകളുടെ മാല പൊട്ടിക്കുന്നതിനാണ് ഇവര്‍ ബൈക്ക് മോഷ്ടിക്കുന്നത്. പ്രതികളെ വിശദമായി ചോദ്യംചെയ്തതില്‍ നിന്നും പാമ്പൂരില്‍ നിന്നും മോഷ്ടിച്ച വാഹനമുപയോഗിച്ച് ഇവര്‍ പാലക്കാട് യാക്കരയില്‍വച്ച് നടന്നുപോവുകയായിരുന്ന ഒരു സ്ത്രീയുടെ സ്വര്‍ണമാല പൊട്ടിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. മാല പാലക്കാട് ടൗണില്‍ ഒരു ജ്വല്ലറിയില്‍ വിറ്റെന്നും പ്രതികള്‍ സമ്മതിച്ചു. 

മാല വിറ്റുകിട്ടിയ പണം കൊണ്ട് മദ്യവും ലഹരി മരുന്നുകളും ഉപയോഗിച്ച് കൂട്ടുകാരോടൊപ്പം മലപ്പുറത്തുള്ള ചേളാരിയില്‍ റൂമെടുത്തു കഴിയവേയാണ് പ്രതികള്‍ വിയ്യൂര്‍ പൊലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ  രണ്ട് പ്രതികളെയും ഇവര്‍ക്ക് ഒളിവില്‍ കഴിയുന്നതിനു സഹായം ചെയ്തുകൊടുത്ത ആളെയും കോടതി റിമാന്‍ഡ് ചെയ്തു. എസ്.ഐ എബ്രഹാം വര്‍ഗീസ്, എ.എസ്.ഐ പ്രദീപ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനില്‍കുമാര്‍ പി.സി, അനീഷ്, ടോമി വൈ. എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Follow Us:
Download App:
  • android
  • ios