അന്നത്തെ കാലത്തെ അപൂർവങ്ങളിൽ അപൂർവ സംഭവമായിരുന്നു ഇത്. ഭർത്താവുമായി പിരിഞ്ഞ ബിയ്യമ്മുണ്ണി ഉമ്മ 1903ൽ ജീവനാംശം ആവശ്യപ്പെട്ട് ബ്രിട്ടിഷ് കോടതിയെ സമീപിച്ചിരുന്നു.
കൊണ്ടോട്ടി: ബ്രിട്ടീഷ് സർക്കാരിന്റെ കാലത്ത് കോടതിയെ സമീപിച്ച് ജീവനാംശം നേടിയ കീടക്കാട്ട് ബിയ്യമ്മുണ്ണി ഉമ്മയുടെ ഓർമയ്ക്ക് കൊണ്ടോട്ടിയിലെ 11 വനിതകൾക്ക് പുരസ്‌കാരം നൽകാനൊരുങ്ങി ബിയ്യമുണ്ണി ഉമ്മയുടെ കുടുംബം. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഭർത്താവുപേക്ഷിച്ചപ്പോൾ ജീവനാംശം ലഭിക്കാൻ നിയമപോരാട്ടം നടത്തി വിജയിച്ച കൊണ്ടോട്ടി സ്വദേശിനിയാണ് കീടക്കാട്ട് ബിയ്യമ്മുണ്ണി ഉമ്മ. അന്നത്തെ കാലത്തെ അപൂർവങ്ങളിൽ അപൂർവ സംഭവമായിരുന്നു ഇത്. ഭർത്താവുമായി പിരിഞ്ഞ ബിയ്യമ്മുണ്ണി ഉമ്മ 1903ൽ ജീവനാംശം ആവശ്യപ്പെട്ട് ബ്രിട്ടിഷ് കോടതിയെ സമീപിച്ചിരുന്നു. പ്രതിമാസം 15 രൂപ ജീവനാംശം നൽകാൻ അക്കാലത്ത് ഉത്തരവായത് കൊണ്ടോട്ടിയുടെ ചരിത്ര രേഖകളിലുണ്ട്.
Read More... പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം: ഇന്ത്യയിൽ പ്രായപരിധി കുറയ്ക്കുന്നത് സജീവമായി പരിഗണിക്കണമെന്ന് കോടതി
വ്യത്യസ്ത മേഖലകളിൽ ആദ്യമായി നേട്ടം കൈവരിച്ച കൊണ്ടോട്ടി മേഖലയിലുള്ള വനിതകൾക്കാണു പുരസ്‌കാരം നൽകുക. 1977-ൽ നിയമബിരുദം നേടിയ കെ.പി.മറിയുമ്മ, അധ്യാപിക ഇ.കെ.ഭാർഗവി, 1962ൽ നഴ്‌സിങ് വിജയിച്ച ഇ. രാധ രാമചന്ദ്രൻ, ഡോ. സി.എ.സുബൈദ, ഡോ. സൈറ നിസാർ, കലിഗ്രഫിയിൽ കഴിവുതെളിയിച്ച ജമീല പാറമ്മൽ അമ്പാടി, ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് നെറ്റ് നേടിയ ആയിഷ സബ്‌വ, ഉമ്മാച്ചു അലവി (പാചകം), ഡോ. ഹാജറ ജബ്ബാർ (ഗവേഷണം), പി.കെ. ജമീല (യൂണിവേഴ്‌സിറ്റി സർവീസ്), എം.കെ.ജയഭാരതി (സംഗീതം) എന്നിവർക്കാണ് പുരസ്‌കാരം നൽകുന്നതെന്നു കീടക്കാട്ട് ട്രസ്റ്റ് ഭാരവാഹികളായ അഫ്‌സ തയ്യിൽ, റാബിയ ബാനു, ഹലീമ റഹ്‌മത്തുല്ല, മുംതാസ് ലത്തീഫ് എന്നിവർ അറിയിച്ചു. നാളെ കൊണ്ടോട്ടി മാപ്പിളകലാ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ ഫാറൂഖ് കോളജ് പ്രഥമ വനിതാ പ്രിൻസിപ്പൽ ഡോ. ആയിഷ സ്വപ്ന ഉദ്ഘാടനം ചെയ്യും.
ബിയ്യമുണ്ണി ഉമ്മയുടെ കുടുംബാംഗവും കൊണ്ടോട്ടി ഇഎംഇഎ കോളജ് അസിസ്റ്റന്റ് പ്രഫസറുമായ കെ.പി.ആബിദ ഹുസൈൻ രചിച്ച 'സർ ജോൺ' എന്ന നോവൽ പ്രകാശനവും ചടങ്ങിൽ നടക്കും. എഴുത്തുകാരി അനുചന്ദ്ര പുസ്തകം ഏറ്റുവാങ്ങും. കൊണ്ടോട്ടി നഗരസഭാ ധ്യക്ഷ സി.ടി.ഫാത്തിമത്ത് സുഹ്‌റാബി ആധ്യക്ഷത വഹിക്കും.
