കോന്നിയിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കരിമ്പുലി കെണിയിൽ കുടുങ്ങി. കുളത്തുമൺ സ്വദേശി സന്തോഷിന്റെ വീടിനു സമീപം സ്ഥാപിച്ച കൂട്ടിലാണ് കരിമ്പുലി കുടുങ്ങിയത്.

പത്തനംതിട്ട: കോന്നി കുളത്തുമൺ മേഖലയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കരിമ്പുലി ഒടുവിൽ കൂട്ടിലായി. ഇതോടെ കേരളത്തിൽ ആദ്യമായി കരിമ്പുലിയെ കൂട്ടിലാക്കിയത് കോന്നിയിൽ ആണെന്നാണ് അവകാശവാദം. കുളത്തുമൺ സ്വദേശി സന്തോഷിന്റെ വീടിനു സമീപം വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.

ഇന്ന് വൈകിട്ട് 5:45 ഓടെയാണ് കരിമ്പുലി കൂട്ടിലായത്. കൂട്ടിൽ ഇരയായി വെച്ചിരുന്ന ആടിനെ പിടിക്കാൻ എത്തിയതായിരുന്നു പുലി. ശബ്ദം കേട്ട് സന്തോഷിന്റെ ഭാര്യ പുറത്തിറങ്ങി നോക്കിയപ്പോഴാണ് കൂട്ടിൽ കരിമ്പുലി കുടുങ്ങിയതായി കണ്ടത്. നാട്ടുകാർ വിവരമറിയിച്ചത് അനുസരിച്ച് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി. പുലിയെ ഉൾവനത്തിൽ തുറന്നുവിടാനാണ് തീരുമാനം.

ഒന്നിൽ കൂടുതൽ കരിമ്പുലികൾ പ്രദേശത്തുണ്ടെന്ന് പറയപ്പെടുന്നു. അതിനാൽ ജനങ്ങളുടെ ഭീതി പൂർണമായും മാറുന്നില്ല. കരിമ്പുലിയെ മറ്റൊരിടത്തേക്ക് മാറ്റാതെ ഉൾകാട്ടിൽ തന്നെ തുറന്നുവിടാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.