കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: ചികിത്സയിലായിരുന്ന 76കാരന്‍ മരിച്ചു
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗോപാലകൃഷ്ണൻ നായർ പരുമലയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു

മാന്നാർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. മാന്നാർ കൂട്ടംപേരൂർ കളീക്കൽ ഗോകുലം ഗോപാലകൃഷ്ണൻ നായർ (76) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് മാന്നാർ മാവേലിക്കര റോഡിൽ കോയിക്കൽ ജംഗ്ഷന് തെക്കുവശത്താണ് അപകടം സംഭവിച്ചത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്കും കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗോപാലകൃഷ്ണൻ നായർ പരുമലയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
ഭാര്യ: രാധ ജി നായർ, മകൾ: സ്മിത ജി നായർ, മരുമകൻ: പരേതനായ ശ്യാം എസ് പിള്ള
എതിരെ വന്ന വാൻ നിയന്ത്രണം തെറ്റി ഇടിച്ചുകയറി; ബൈക്ക് യാത്രികന് ദാരുണാന്ത്യം
അതേസമയം കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ വാഹനം നിർത്തി രക്ഷപ്പെട്ടതിനാൽ വൻ അപകടം ഒഴിവായി. ആനയോട് സ്വദേശി കണ്ണതറപ്പിൽ ബിബിന്‍റെ മലപ്പുറം രജിസ്ട്രേഷനിലുള്ള മാരുതി 800 കാറിനാണ് തീപിടിച്ചത്. തിരുവമ്പാടിയിലാണ് സംഭവം. സർവീസ് സ്റ്റേഷനിൽ നിന്ന് സർവീസ് ചെയ്ത് പുറത്തിറക്കിയ കാറിന്‍റെ ബോണറ്റിൽ നിന്നും പുക ഉയര്‍ന്നു. എഞ്ചിന്‍റെ ഭാഗത്ത് നിന്നാണ് തീ പടര്‍ന്നത്.
തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോള്‍ വാഹനം നിർത്തി ബിബിനും കുടുംബവും പുറത്തേക്ക് ഇറങ്ങിയോടി. വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് ആദ്യം തീയണയ്ക്കാൻ ശ്രമിച്ചത്. പിന്നീട് മുക്കത്ത് നിന്ന് അഗ്നിരക്ഷാ സേനയെത്തി തീ പൂർണമായും അണച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം