എതിരെ വന്ന വാൻ നിയന്ത്രണം തെറ്റി ഇടിച്ചുകയറി; ബൈക്ക് യാത്രികന് ദാരുണാന്ത്യം
നിയന്ത്രണം തെറ്റിയ വാന്‍ ഇടിച്ച് ഇരുചക്രവാഹന യാത്രക്കാരനായ യുവാവ് മരിച്ചു

അമ്പലപ്പുഴ: നിയന്ത്രണം തെറ്റിയ വാന്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അമ്പലപ്പുഴ തെക്ക് 12-ാം വാർഡ് കുമാരനിവാസിൽ മനോജ്കുമാർ- സജിത ദമ്പതികളുടെ മകൻ കൃഷ്ണചന്ദ്രൻ(23) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ പുന്നപ്ര പവർഹൗസ് ജംങ്ഷഷനിലായിരുന്നു അപകടം.
അമ്പലപ്പുഴയിൽ നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കൃഷ്ണചന്ദ്രൻ സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ എതിരെവന്ന വാൻ നിയന്ത്രണം തെറ്റി ഇടിച്ച് കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണ ചന്ദ്രനെ നാട്ടുകാരും പുന്നപ്ര പൊലീസും ചേർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് അംഗമാണ് മനോജ്.
അതേസമയം തിരുവനന്തപുരത്ത് മകൾക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച അധ്യാപിക കാർ ഇടിച്ചു മരിച്ചു. പുഴനാട് ലയോള സ്കൂൾ അധ്യാപിക അഭിരാമിയാണ് മരിച്ചത്. തിരുവനന്തപുരം കള്ളിക്കൽ തേവൻകൊട് വെച്ചായിരുന്നു അപകടം. അഭിരാമിയായിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. സ്കൂട്ടറിൽ പിന്നിൽ ഇരിക്കുകയായിരുന്ന അർപ്പിതയ്ക്കും അപകടത്തിൽ പരിക്കേറ്റു. അഭിരാമിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അഭിരാമിയും അർപ്പിതയും സഞ്ചരിച്ച സ്കൂട്ടർ പതുക്കെയാണ് സഞ്ചരിച്ചിരുന്നത്. അഭിരാമിക്ക് അപകടത്തിന് പിന്നാലെ ബോധം നഷ്ടമായി. നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം