ദേശീയപാത പന്തീരാങ്കാവില്‍ കഴിഞ്ഞ ദിവസം രാവിലെ 5.30ഓടെയാണ് അപകടം നടന്നത്.

കോഴിക്കോട്: എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്ന കാറും കോഴി കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റു. ദേശീയപാത പന്തീരാങ്കാവില്‍ കഴിഞ്ഞ ദിവസം രാവിലെ 5.30ഓടെയാണ് അപകടം നടന്നത്. കണ്ണൂര്‍ മുഴപ്പാല സഫിയ മന്‍സിലില്‍ ഫവാസ്(23), മോളാഞ്ചേരി സലീന മന്‍സിലില്‍ എസ്.എം റഷീദ്(33), മോവാഞ്ചേരി സെലീന മന്‍സിലില്‍ തഹ്‌സീന(25) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ലഭിക്കുന്ന സൂചന. കോയമ്പത്തൂരില്‍ നിന്നും മാഹിയിലേക്ക് കോഴിയുമായി വരികയായിരുന്നു ലോറി. പന്തീരാങ്കാവിനും ഹൈലൈറ്റ് മാളിനും ഇടയില്‍ മാമ്പുഴ പാലത്തിന് സമീപം കൂടത്തുംപാറയില്‍ വെച്ചാണ് അപകടം നടന്നത്. 

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. പരിക്കേറ്റവരെ പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് കാറില്‍ നിന്നും പുറത്തെടുത്തത്. ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് ഇവരുടെ ബന്ധുക്കള്‍ സ്ഥലത്തെത്തി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഏറെനേരം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.

അടുക്കളയിൽ നിന്നും വിചിത്രമായ ശബ്ദങ്ങൾ, കാഴ്ച കണ്ട് ഞെട്ടി പുറകോട്ടുമാറി വീട്ടുടമ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം