കൊല്ലം ശൂരനാട് സ്വദേശി ജാസ്മീർ എന്ന ഭിന്നശേഷിക്കാരൻ സഞ്ചരിച്ച ഇലക്ട്രിക് വീൽചെയറിൽ കാറിടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ദിവസങ്ങളോളം കേസെടുക്കാൻ വൈകിയതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ഭിന്നശേഷി സംരക്ഷണ നിയമപ്രകാരം പൊലീസ് നടപടിയെടുത്തത്.

കൊല്ലം: ഭിന്നശേഷിക്കാരനായ യുവാവ് സഞ്ചരിച്ച ഇലക്ട്രിക് വീൽചെയറിൽ കാറിടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ശൂരനാട് പൊലീസ് ഒടുവിൽ കേസെടുത്തു. ശൂരനാട് സ്വദേശി ജാസ്മീറിന്റെ പരാതിയിലാണ് പൊലീസ് നടപടി. ഭിന്നശേഷി സംരക്ഷണ നിയമം, ദേഹോപദ്രവം ഏൽപ്പിക്കൽ ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ 23-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. അപകടത്തിന് ശേഷം പ്രതി ജാസ്മീറിനെ 'വികലാംഗൻ' എന്ന് വിളിച്ച് അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.

സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്ന് ജാസ്മീർ പരാതിപ്പെട്ടിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്‌ക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് ഇപ്പോൾ പ്രതിക്കെതിരെ കേസെടുക്കാൻ ശൂരനാട് പൊലീസ് തയ്യാറായത്.