മുഖത്തും, ശരീരത്തും പരിക്കേറ്റ പാടുകളും, രക്തം വാർന്ന നിലയിലുമാണ് ഡോൾഫിന്റെ ജഡം കണ്ടെത്തിയത്
ആലപ്പുഴ: പുന്നപ്ര തീരത്ത് വീണ്ടും ഡോൾഫിൻ അടിഞ്ഞു. ഇന്നലെ രാത്രി 7 മണിയോടെ പുന്നപ്ര ചള്ളി തീരത്തിന് വടക്ക് ഭാഗത്തായാണ് ഡോൾഫിൻ അടിഞ്ഞത്. മത്സ്യതൊഴിലാളികളാണ് ആദ്യം കണ്ടത്. മുഖത്തും, ശരീരത്തും പരിക്കേറ്റ പാടുകളും, രക്തം വാർന്ന നിലയിലുമാണ് ഡോൾഫിന്റെ ജഡം കണ്ടെത്തിയത്. റവന്യു, ഫോറസ്റ്റ്, പൊലീസ് അധികൃതരരെ വിവരം അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയും ഇതിന് സമീപത്ത് ഡോൾഫിൻ അടിഞ്ഞിരുന്നു. ഇതിന്റെയും മുഖത്ത് പാടുകൾ ഉണ്ടായിരുന്നു.
റാന്നിയിൽ നിന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പോസ്റ്റുമാർട്ടം നടത്തിയ ശേഷമാണ് ഈ ഡോൾഫിനെ മറവു ചെയ്തത്. രാസപരിശോധനക്കായി സാമ്പിളുകൾ ലാബിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു. തീപിടിച്ച കപ്പലിൽ നിന്നും കടലിൽ വീണ കണ്ടെയിനറുകളിൽ തട്ടി മുറിവേറ്റതാകാമെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്. കഴിഞ്ഞ ദിവസം പുന്നപ്ര ചള്ളി തീരത്തു നിന്നും മത്സ്യ ബന്ധനത്തിനു പോയ അഖിലാനന്ദന്റെ വള്ളത്തിന്റെ വലകൾ കണ്ടെയിനറിൽ തട്ടി നശിച്ചിരുന്നു. കടലിൽ പല സ്ഥലത്തായി കിടക്കുന്ന കണ്ടെയിനറുകൾ മത്സ്യബന്ധനത്തിന് തടസമാണെന്നും ഇവ നീക്കം ചെയ്യണമെന്നും ധീവരസഭ ആവശ്യപ്പെട്ടിരുന്നു.


