Asianet News MalayalamAsianet News Malayalam

ക്യാൻസർ രോഗിയാണെന്ന് പറഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയ മൂന്നുപേര്‍ക്കെതിരെ കേസ്

മൂന്നുലക്ഷത്തോളം രൂപ നേരിട്ടും പത്തുലക്ഷത്തോളം രൂപ അല്ലാതെയും സുമനസുകളിൽനിന്ന് പിരിച്ചെടുത്തുവെന്നാണ് പരാതി. സോഷ്യൽ മീഡിയയിലെ ഒരു വനിതാ ഗ്രൂപ്പിൽ അംഗമായ ശ്രീമോൾ, ക്യാൻസർ രോഗിയാണെന്നും സർജറിക്ക് പണമില്ലെന്നും പലരെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

case against three persons for financial fraud claiming to be cancer patient
Author
Alappuzha, First Published Nov 30, 2019, 10:09 PM IST

ആലപ്പുഴ: ക്യാൻസർ രോഗിയാണെന്ന് പറഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയ മൂന്നുപേർക്കെതിരെ മാരാരിക്കുളം പൊലീസ് കേസെടുത്തു. മാരാരിക്കുളം സ്വദേശിയായ ശ്രീമോൾ (സുജിമോൾ), സുനിത ദേവദാസ്, ശ്രീമോളുടെ കൂട്ടാളി അനിൽ ടി വി എന്നിവർക്കെതിരെയാണ് വഞ്ചന, ഗൂഢാലോചന കുറ്റങ്ങൾ ചുമത്തി കേസെടുത്തത്. മനുഷ്യാവകാശ പ്രവർത്തകനായ നവാസ് ആണ് പരാതിക്കാരൻ. 

ഒന്നാം പ്രതിയായ ശ്രീമോൾ മൂന്നാം പ്രതിയായ അനിലിന്റെ സഹായത്തോടെ സമൂഹമാധ്യമങ്ങളിൽ താൻ ക്യാൻസർ രോഗിയാണെന്ന് പ്രചരിപ്പിക്കുകയും രണ്ടാം പ്രതിയായ സുനിത ദേവദാസ് ഇക്കാര്യങ്ങൾക്ക് വിശ്വാസ്യത നൽകും വിധം ഫേസ്ബുക്കിൽ പ്രചാരണം നടത്തുകയുമായിരുന്നു. മൂന്നുലക്ഷത്തോളം രൂപ നേരിട്ടും പത്തുലക്ഷത്തോളം രൂപ അല്ലാതെയും സുമനസുകളിൽനിന്ന് പിരിച്ചെടുത്തുവെന്നാണ് പരാതി. സോഷ്യൽ മീഡിയയിലെ ഒരു വനിതാ ഗ്രൂപ്പിൽ അംഗമായ ശ്രീമോൾ, ക്യാൻസർ രോഗിയാണെന്നും സർജറിക്ക് പണമില്ലെന്നും പലരെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
 
രോഗമുണ്ടെന്ന് വിശ്വസിപ്പിക്കാൻ ചില മെഡിക്കൽ റിപ്പോർട്ടുകളും നൽകി. ഇത് വിശ്വസിച്ചാണ് കാനഡയിൽ താമസക്കാരിയായ സുനിത ദേവദാസ് അവരുടെ -- ഫെയ്സ്ബുക്ക് അകൗണ്ടിൽ അടിയന്തിര ചികിത്സക്ക് പണം ആവശ്യമുണ്ടെന്ന രീതിയിൽ പോസ്റ്റിട്ടത്. പിന്നീട് തട്ടിപ്പാണെന്ന് മനസിലാക്കി ഒക്ടോബർ 22 ന് പോസ്റ്റ് ചെയ്ത കാര്യങ്ങൾ അവർ 27-ാംതീയതി പിൻവലിച്ചിരുന്നു. ശ്രീമോൾ തന്നെ വഞ്ചിച്ചതാണെന്നും അവർക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും സുനിത ദേവദാസ് പറഞ്ഞു. മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി അയച്ചിട്ടും തന്റെ പരാതിയിൽ കേസെടുക്കാതെ തനിക്കെതിരെ നൽകിയ പരാതിയിൽ മാത്രമാണ് കേസെടുത്തതെന്നും അവർ പറഞ്ഞു.

Follow Us:
Download App:
  • android
  • ios