സമാന രീതിയില്‍ കഴിഞ്ഞ ആഴ്ച നായ്ക്കളും ചത്തൊടുങ്ങിയിരുന്നു. ലാബ്, പോമറേനിയന്‍, മിനിയേച്ചര്‍, ഇനത്തില്‍പെട്ട വളര്‍ത്തു നാ യ്ക്കളാണ് രോഗം ബാധിച്ചു ചത്തത്. 

എടത്വാ: തലവടി പഞ്ചായത്തിലെ (Thalavady Panchayath) വിവിധ പ്രദേശങ്ങളില്‍ നായ്ക്കുട്ടികള്‍ക്ക്(Dogs) പുറമേ പൂച്ചകളും (Cats) കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. വൈറസ് ബാധ (Virus) കാരണമാണ് നായ്ക്കളും പൂച്ചകളും ചാകുന്നതെന്നാണ് സംശയം. രണ്ട് ദിവസം ഭക്ഷണം കഴിക്കാതെ ഇരുന്ന ശേഷം കറങ്ങി വീണാണ് ചാകുന്നത്. പൂച്ചയുടെ വായിലൂടെയും വിസര്‍ജ്ജന ദ്വാരത്തിലൂടെയും രക്തം വാര്‍ന്നു പോകുന്നുണ്ട്. കഴിഞ്ഞ ദിവസം തലവടി മുണ്ടകത്തില്‍ പറമ്പില്‍ സഹദേവന്റെ രണ്ട് വളര്‍ത്തു പൂച്ചകള്‍ ചത്തിരുന്നു. സമീപ സ്ഥലങ്ങളിലും പൂച്ചകള്‍ ചത്തൊടുങ്ങുന്നുണ്ട്. പൂച്ചകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന വിവരം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത് മുഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഉദ്ദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.

സമാന രീതിയില്‍ കഴിഞ്ഞ ആഴ്ച നായ്ക്കളും ചത്തൊടുങ്ങിയിരുന്നു. ലാബ്, പോമറേനിയന്‍, മിനിയേച്ചര്‍, ഇനത്തില്‍പെട്ട വളര്‍ത്തു നാ യ്ക്കളാണ് രോഗം ബാധിച്ചു ചത്തത്. തലവടി പഞ്ചായത്തില്‍ ഇതുവരെ ആറിലേറെ നായകുട്ടികള്‍ ചത്തിട്ടുണ്ട്. തലവടി പതിനൊന്നാം വാര്‍ഡ് സുധീന്ദ്രന്‍ കൈലാത്തുപറമ്പ്, സജീവന്‍ തുണ്ടിപ്പറമ്പ്, പ്രസാദ് നെടുങ്ങാട്ട്, കൊച്ചമ്മനം കൊച്ചുപുരയില്‍ നെല്‍സണ്‍ എന്നിവരുടെ 6 മാസത്തില്‍ താഴെ പ്രായമുള്ളയും നായ്ക്കുട്ടികളാണ് ചത്തത്. ചില വീടുകളിലെ നായ്ക്കുട്ടികള്‍ രോഗം മൂര്‍ശ്ശിച്ച് ചികിത്സയിലാണ്. തെരുവ് നായ്ക്കളും പൂച്ചകളും ചാകുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. 

സമീപ പ്രദേശങ്ങളായ തലവടി, എടത്വ എന്നിവടങ്ങളിലെ മൃഗാശുപത്രികളില്‍ മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. 
രോഗകാരണം പാര്‍ബോ വൈറസ് ആണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. പാര്‍ബോ വൈറസ് പിടിപെടുന്നത് മരണത്തിനു കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നായ്ക്കളുടെ വിസര്‍ജ്യം വീണ മണ്ണില്‍ നിന്നു രോഗം മറ്റു നായ്ക്കളിലേക്കു പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരിലേക്കു പകരാന്‍ സാധ്യയില്ലെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.