ഉദ്ഘാടനത്തിന് പങ്കെടുത്തവർ പരാതി ഉന്നയിച്ചപ്പോൾ ഓഡിയോ ഇട്ടതാണെന്ന് സിന്ധു ശശി പിന്നീട് വിശദീകരിച്ചു
തിരുവനന്തപുരം: കേരളീയം ഉദ്ഘാടനത്തിന് പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങൾക്കെതിരെ പിഴ ഭീഷണിയുമായി സിഡിഎസ് ചെയർപേഴ്സൺ. കുടുംബശ്രീ അംഗങ്ങൾ 250 പിഴയടക്കണമെന്ന് തിരുവനന്തപുരം കോർപറേഷനിലെ സിഡിഎസ് ചെയർപേഴ്‌സൺ സിന്ധു ശശി വാട്സ്ആപ്പിലൂടെ ആവശ്യപ്പെട്ടത്. കുടുംബശ്രീ അംഗങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് പിഴയടക്കാനുള്ള ശബ്ദ സന്ദേശം ഇട്ടത്. സംഭവം വിവാദമായതോടെ ഓഡിയോ സന്ദേശം സിന്ധു ശശി ഡിലീറ്റ് ചെയ്തു. ഉദ്ഘാടനത്തിന് പങ്കെടുത്തവർ പരാതി ഉന്നയിച്ചപ്പോൾ ഓഡിയോ ഇട്ടതാണെന്ന് സിന്ധു ശശി പിന്നീട് വിശദീകരിച്ചു. പണം വാങ്ങാൻ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും സിന്ധു ശശി പറഞ്ഞു. സിപിഎം പ്രാദേശിക നേതാവായ സിന്ധു ശശി തിരുവനന്തപുരം കോർപറേഷൻ മുൻ കൗൺസിലർ കൂടിയാണ്.
സംസ്ഥാന സർക്കാരിന്റെ കേരളീയം പരിപാടി വിജയിപ്പിക്കാൻ ഏതറ്റം വരെയും പോകണമെന്നാണ് സിപിഎം പാർട്ടി തലത്തിൽ നൽകിയിരിക്കുന്ന നിർദ്ദേശം. അത് പാലിക്കാനാണ് കുടുംബശ്രീക്കാരെ എത്തിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ സിഡിഎസ് ചെയർപേഴ്സണും മുൻ സിപിഎം കൗൺസിലറുമായ സിന്ധു ശശിയുടെ ഭീഷണി ഇന്ന് രാവിലെയാണ് കുടുംബശ്രീക്കാരുടെ വാട്സസ് അപ് ഗ്രൂപ്പിലെത്തിയത്. വിവാദമായതോടെ ഓഡിയോ ഡീലിറ്റ് ചെയ്ത സിന്ധു ശശി, താൻ ആരെയും ഭീഷണിപ്പെടുത്തിയില്ലെന്ന് വിശദീകരിച്ചു.
കേരളീയം വേദിയിൽ മോഹൻലാലിന്‍റെ സെല്‍ഫി -വീഡിയോ
അതേസമയം കേരളീയം പരിപാടിയുടെ ഉദ്ഘാടനം നടന്ന സെൻട്രൽ സ്റ്റേഡിയത്തിൽ സർക്കാർ ജീവനക്കാരും കുടുംബശ്രീക്കാരും വിദ്യാർത്ഥികളും തിങ്ങിനിറഞ്ഞു. കുടുംബശ്രീക്കാർക്ക് ഭീഷണി എങ്കിൽ സർക്കാർ ജീവനക്കാർക്കുള്ള ഓഫർ പഞ്ച് ചെയ്ത് പരിപാടിക്ക് പോകാമെന്നാണ്. ഓഫീസ് പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധം ഉദ്യോഗസ്ഥർക്ക് പങ്കെടുക്കാമെന്ന സർക്കാർ ഉത്തരവിൽ തന്നെ ഇത് വ്യക്തമാക്കിയിരുന്നു. ഉത്തരവിൻറെ ബലത്തിൽ ഭരണാനുകൂല സംഘടനകൾ പരമാവധി പേരെ ഇറക്കി. സ്റ്റേഡിയത്തിൽ ജീവനക്കാരുടെ തിരക്കേറിയപ്പോൾ, സെക്രട്ടറിയേറ്റിൽ ആളനക്കമില്ലാത്ത സ്ഥിതിയായി.
സെക്രട്ടറിയേററിൽ നിന്നുമാത്രം 1500 പേരെ പങ്കെടുപ്പിക്കാനായിരുന്നു നിർദ്ദേശം. ഏഴു ദിവസവും പഞ്ചിംഗിൽ ഇളവുണ്ടാകും. കോളേജുകളിൽ നിന്നും സ്കൂളിൽ നിന്നും വിദ്യാർത്ഥികളെ എത്തിക്കാനും പ്രത്യേക നിർദ്ദേശമുണ്ട്. കേരള സർവ്വകലാശാല പരീക്ഷകൾ തന്നെ പരിപാടിക്കായി മാറ്റി. പ്രതിപക്ഷം ബഹിഷ്ക്കരിച്ചതിനാൽ അഭിമാന പ്രശ്നമായാണ് കേരളീയത്തെ സർക്കാർ കാണുന്നത്. അതുകൊണ്ട് എന്ത് വിലകൊടുത്തും ആളെകൂട്ടാനാണ് ശ്രമം.
