വളയം കുഴി മോസ്കോ ഭാഗത്ത് റബർ കമ്പനികളും അഥിതി തൊഴിലാളി ക്യാമ്പുകളും കേന്ദ്രീകരിച്ച് അനധികൃത മദ്യ വിൽപ്പന നടത്തിവരികയായിരുന്നു പ്രതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കോട്ടയം: കോട്ടയത്ത് എക്സൈസ് പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന വൻ മദ്യശേഖരം കണ്ടെടുത്തു. കോട്ടയം ജില്ലയിലെ അനധികൃത മദ്യ വിൽപ്പനക്കാരിലെ പ്രധാനിയായ 'സെലിബ്രേഷൻ സാബു' എന്നറിയപ്പെടുന്ന ചാർലി തോമസ്(47) ആണ് ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 102 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി പിടിയിലായത്. ഡ്രൈ ഡേയിൽ വിൽപ്പന നടത്താനായി സൂക്ഷിച്ചിരുന്നതായിരുന്നു മദ്യം. വളയം കുഴി മോസ്കോ ഭാഗത്ത് റബർ കമ്പനികളും അഥിതി തൊഴിലാളി ക്യാമ്പുകളും കേന്ദ്രീകരിച്ച് അനധികൃത മദ്യ വിൽപ്പന നടത്തിവരികയായിരുന്നു പ്രതി.
എക്സൈസ് ഷാഡോ ടീമിലെ അംഗങ്ങളായ കെ.ഷിജു, പ്രവീൺ കുമാർ എന്നിവർ ആഴ്ചകളോളം ഈ ഭാഗത്ത് നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിലാണ് ചാർലിയുടെ മദ്യ ഗോഡൗൺ കണ്ടെത്തിയത്. ചങ്ങനാശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അഭിലാഷ്, അസ്സിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ആന്‍റണി മാത്യു, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ രാജേഷ്.ആർ, ഷിജു.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ്.കെ.നാണു, പ്രവീൺ കുമാർ, കണ്ണൻ.ജി.നായർ, വനിത സിവിൽ എക്സൈസ് ഓഫീസർ ഷീബ.ബി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സിയാദ്.എസ് എന്നിവരടങ്ങിയ സംഘമാണ് കേസ് കണ്ടെടുത്തത്.


