ആയുർവേദ വെൽനസ് കേന്ദ്രത്തിന് ലൈസൻസ് നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തിരൂർ നഗരസഭയിലെ താൽക്കാലിക വാച്ച്മാനെ വിജിലൻസ് പിടികൂടി. കന്മനം സ്വദേശിയുടെ പരാതിയെ തുടർന്നാണ് നടപടി. ഇയാൾ നേരത്തെയും പരാതിക്കാരനിൽ നിന്ന് പണം വാങ്ങിയിരുന്നു.

മലപ്പുറം: ആയുര്‍വേദ വെല്‍നസ്‌ കേന്ദ്രം ലൈസന്‍സ് നല്‍കിയതിന് 10,000 രൂപ കൈകൂലി വാങ്ങിയ സംഭവത്തില്‍ തിരൂര്‍ നഗരസഭയിലെ താല്‍കാലിക വാച്ച്മാനെ മലപ്പുറം വിജിലന്‍സ് പിടികൂടി. തിരൂര്‍ കന്മനം സ്വദേശിയുടെ പരാതിയിലാണ് വിജിലന്‍സ് നടപടി. താല്‍ക്കാലിക വാച്ച്മാനായ ഷിഹാബുദ്ദീനാണ് പിടിയിലായത്. ആയുര്‍വേദ വെല്‍നസ് കേന്ദ്രത്തിന്‍റെ ലൈസന്‍സിന് മൂന്ന് മാസം മുമ്പ് തിരൂര്‍ നഗരസഭയില്‍ അപേക്ഷ നല്‍കിയിരുന്നു.

പരാതിക്കാരനില്‍നിന്ന് താല്‍ക്കാലിക വാച്ച്മാനായ ഷിഹാബുദ്ദീന്‍ പേപ്പര്‍ വര്‍ക്കിനാണെന്ന് അറിയിച്ച് 2,000 രൂപ വാങ്ങി. തുടര്‍ന്ന് ഷിഹാബുദ്ദീനും നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും കേന്ദ്രം സന്ദര്‍ശിച്ചു. ഇതിനുശേഷം 3,000 രൂപ കൂടി വാങ്ങി. തുടര്‍ന്ന് പരാതിക്കാരന് ലൈസന്‍സ് അനുവദിച്ചു. ലൈസന്‍സ് അനുവദിക്കാന്‍ സഹായിച്ചതിന് വിണ്ടും 10,000 രൂപ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും കൈകൂലി നല്‍കാന്‍ തയാറാകാതിരുന്ന പരാതിക്കാരന്‍ മലപ്പുറം വിജിലന്‍സിന് വിവരം കൈമാറി.

വിജിലന്‍സ് നിര്‍ദേശപ്രകാരം തിരൂര്‍ പയ്യനങ്ങാടി ജങ്ഷന് സമീപം പണം കൈ മാറുന്നതിനിടെ ഷിഹാബുദ്ദീനെ കയ്യോടെ പിടികൂടുകയായിരുന്നു. ഇയാളെ കോഴിക്കോട് വിജിലന്‍സ് കോടതില്‍ ഹാജരാക്കും. ഡിവൈഎസ്പി എം ഗംഗാധരന്‍, സിഐമാരായ റിയാസ് ചാക്കിരി, റഫീഖ്, സന്ദീപ് കുമാര്‍, എസ്.ഐമാരായ മധുസൂദനന്‍, സതീഷ്, എ.എസ്.ഐമാരായ രത്‌നകുമാരി, വിജയന്‍, സന്തോഷ്, എസ്.സി.പി.ഒ ശ്രീജേഷ്, രാജീവ്, സുബിന്‍, വിക്ടര്‍ എന്നിവര്‍ നേതൃത്വം നല്‍കി.