കഴിഞ്ഞ മാസം 27ന് ജോലി കഴിഞ്ഞുവരുന്നതിനിടെ പൊലീസ് കൈകാണിച്ചിട്ടും വാഹനം നിർത്താതെ പോയെന്ന് പറഞ്ഞാണ് എസ് ഐ പി സി സജീവനും സംഘവും മക്കളെ പിന്തുടർന്നെത്തിയതെന്ന് രക്ഷിതാക്കൾ...
കൽപ്പറ്റ: പൊലീസിനെ കൈയേറ്റം ചെയ്തെന്ന പനമരം പൊലീസിന്റേത് കള്ളക്കേസാണെന്നും മക്കളെ കുടുക്കിയതാണെന്നും രക്ഷിതാക്കൾ.
നീർവാരം വെട്ടുപാറപ്പുറത്ത് ലക്ഷ്മണനും ഭാര്യ കനകമ്മയുമാണ് ആരോപണമുന്നയിച്ചത്. പനമരം എസ്.ഐ പി.സി. സജീവനെ മക്കളായ രഞ്ജിത്തും ശ്രീജിത്തും ചേർന്ന് കൈയേറ്റം ചെയ്തെന്ന കള്ളക്കേസുണ്ടാക്കിയാണ് ജയിലിലടച്ചതെന്ന് അവർ പനമരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മനുഷ്യാവകാശ കമ്മിഷനും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും ഇവർ പറഞ്ഞു.
കഴിഞ്ഞ മാസം 27ന് ജോലി കഴിഞ്ഞുവരുന്നതിനിടെ പൊലീസ് കൈകാണിച്ചിട്ടും വാഹനം നിർത്താതെ പോയെന്ന് പറഞ്ഞാണ് എസ് ഐ പി സി സജീവനും സംഘവും മക്കളെ പിന്തുടർന്നെത്തിയത്. വീടിനുമുമ്പിൽ ബൈക്കിൽ നിന്നിറങ്ങിയ ശ്രീജിത്തിനെയും രഞ്ജിത്തിനെയും പൊലീസ് അകാരണമായി മർദിക്കുകയായിരുന്നു.
ഇതുകണ്ട് പുറത്തെത്തിയ വീട്ടുകാരോട് മോശമായ ഭാഷയിലാണ് സംസാരിച്ചത്. എന്താണ് കാരണമെന്നു ചോദിച്ചപ്പോൾ ഭീഷണിമുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തെന്ന് ഇവരുടെ അച്ഛനും അമ്മയും പറഞ്ഞു. പൊലീസ് കൈകാണിച്ചത് മക്കളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ശ്രീജിത്തിന്റെ മകൾക്ക് സുഖമില്ലാത്തതിനാൽ വേഗത്തിൽ വരുന്ന വഴി പൊലീസ് ജീപ്പിൽ ഇരുന്നവർ കൈകാണിച്ചത് കണ്ടില്ലെന്ന് പറഞ്ഞെങ്കിലും ഇതൊന്നും കേൾക്കാൻ പൊലീസ് തയ്യാറായില്ല.
ശ്രീജിത്തിനെ സംഭവ ദിവസംതന്നെ പൊലീസ് പിടിച്ചുകൊണ്ടുപോയി. ബൈക്കിന് പിറകിലിരുന്ന ആളെ ഹാജരാക്കിയില്ലെങ്കിൽ വീട്ടിലെ മുഴുവൻ പേരുടെയും പേരിൽ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് രഞ്ജിത്തിനെയും അവർ സഞ്ചരിച്ച ബൈക്കും സ്റ്റേഷനിൽ ഹാജരാക്കിയതെന്നും ഇരുവരും പറഞ്ഞു.
