കാമുകൻ്റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിലാണ് സംഘർഷമുണ്ടായത്. മുക്കം സ്വദേശിനിയായ പെൺകുട്ടി കാമുകനൊപ്പം പൊലീസ് സ്റ്റേഷനിൽ ഹാജരായതിനെ തുടർന്നാണ് കോടതിയിലെത്തിയത്.
കോഴിക്കോട്: താമരശ്ശേരി കോടതിക്ക് മുന്നിൽ കൂട്ടത്തല്ല്. കാമുകൻ്റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിലാണ് കയ്യാങ്കളിയുണ്ടായത്. മുക്കം ചെറുവാടി സ്വദേശിനിയായ നിദ ഷെറിനെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. കഴിഞ്ഞ നാലാം തീയതി മുതൽ കാണാനില്ലെന്ന് കാണിച്ചാണ് കുടുംബം പരാതി നൽകിയത്. ഇന്ന് രാവിലെ പെൺകുട്ടി കാമുകനായ കാരശ്ശേരി സ്വദേശി ഷാമിലിനൊപ്പം മുക്കം പൊലീസ് സ്റ്റേഷനിൽ ഹാജരായി.
നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പൊലീസ് ഇരുവരെയും കോടതിയിൽ ഹാജരാക്കുകയായിരുന്നു. പ്രായപൂര്‍ത്തിയായതിനാൽ പെൺകുട്ടിയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം പോകുവാൻ കോടതി അനുവാദം നൽകി. കോടതിയ്ക്ക് പുറത്ത് എത്തിയപ്പോൾ വിവാഹം നടത്തി തരാമെന്ന് പറഞ്ഞ് പെൺകുട്ടിയെ ബന്ധുക്കൾ കൂടെ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. പെൺകുട്ടിയെ കൊണ്ടുപോകാനുള്ള ശ്രമം കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് തടഞ്ഞു. സംഘർഷത്തിൽ ചിലര്‍ക്ക് കാര്യമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


