ടിക്കറ്റിന്റെ ബാക്കി പണം കൊടുത്തില്ല: കെഎസ്ആർടിസി ബസിൽ യാത്രക്കാരനും കണ്ടക്ടറും തമ്മിൽ സംഘർഷം
പൊലീസെത്തിയാണ് യാത്രക്കാരനെ ബസിന് മുന്നിൽ നിന്ന് മാറ്റിയത്. പിന്നീട് യാത്രക്കാരുമായി ബസ് നെയ്യാറ്റിൻകരയിലേക്ക് പോയി

തിരുവനന്തപുരം: ടിക്കറ്റിന്റെ ബാക്കി പണം കൊടുക്കാത്തതിനെ ചൊല്ലി കെഎസ്ആർടിസി ബസിൽ സംഘർഷം. യാത്രക്കാരും കണ്ടക്ടറും തമ്മിലാണ് സംഘർഷമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിൻകരയിലേക്ക് പോയ ബസിനുള്ളിൽ വച്ചാണ് സംഭവം. ബസ് ആറാലുംമൂടിലെത്തിയപ്പോഴാണ് യാത്രക്കാരനായ അനിൽകുമാറും കണ്ടക്ടർ ശ്യാം ഒളിവർ ജെസിയും തമ്മിർ തർക്കം തുടങ്ങിയത്.
ടിക്കറ്റിന്റെ ബാക്കി ആവശ്യപ്പെട്ട യാത്രക്കാരന് പണം കണ്ടക്ടർ നൽകിയില്ല. ഇതോടെ വാക്കേറ്റം കൈയ്യാങ്കളിയിലേക്കും സംഘർഷത്തിലും കലാശിച്ചത്. യാത്രക്കാരും കണ്ടക്ടർക്കെതിരെ തിരിഞ്ഞു. ബാക്കി കിട്ടാതെ പോകില്ലെന്ന നിലപാടിലുറച്ച അനിൽകുമാർ ബസിന് മുന്നിൽ കയറി കിടന്നു. ടിവി 1383 എന്ന കെഎൽ 15 എ 2189 കെഎസ്ആർടിസി ലോ ഫ്ലോർ ബസിലാണ് സംഭവം നടന്നത്. പൊലീസെത്തിയാണ് യാത്രക്കാരനെ ബസിന് മുന്നിൽ നിന്ന് മാറ്റിയത്. പിന്നീട് യാത്രക്കാരുമായി ബസ് നെയ്യാറ്റിൻകരയിലേക്ക് പോയി.
അതിനിടെ കെഎസ്ആർടിസിയിൽ വീണ്ടും ശമ്പളം മുടങ്ങി. സെപ്റ്റംബർ മാസത്തെ രണ്ടാം ഗഡു ശമ്പളത്തിന്റെ വിതരണമാണ് മുടങ്ങിയത്. പ്രതിസന്ധി പരിഹരിക്കാൻ കോർപറേഷന് സംസ്ഥാന സർക്കാർ 20 കോടി രൂപ അനുവദിച്ചിട്ടുണ്ട്.