ചേർത്തല പോറ്റിക്കവലയ്ക്ക് സമീപമുള്ള ഹോട്ടലിൽ ഞായറാഴ്ച്ച വൈകിട്ടാണ് സംഘർഷം ഉണ്ടായത്. കേസിൽ സ്ഥിരം ക്രിമിനലുകളായ രണ്ട് പേരെ മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ: മുട്ടക്കറിയുടെ വിലയെ ചൊല്ലി ആലപ്പുഴ ചേർത്തലയിലെ ഹോട്ടലിൽ സംഘർഷം. ചേർത്തല പോറ്റിക്കവലയ്ക്ക് സമീപമുള്ള ഹോട്ടലിൽ ഞായറാഴ്ച്ച വൈകിട്ടാണ് സംഘർഷം ഉണ്ടായത്. കേസിൽ സ്ഥിരം ക്രിമിനലുകളായ രണ്ട് പേരെ മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി സ്വദേശികളായ കമൽദാസിനെയും അനന്തവുവിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ മാരാരിക്കുളം പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിനും സ്റ്റേഷനിലെ സിസിടിവി ക്യാമറ തകർത്ത കേസിലേയും പ്രതികളാണ് ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.
ഞായറാഴ്ച്ച വൈകിട്ട് ഹോട്ടലിൽ ആഹാരം കഴിക്കാനെത്തിയ യുവാക്കൾ മുട്ടക്കറിയുടെ വില തിരക്കി. മുപ്പത് രൂപയെന്ന് ഹോട്ടലിലെ ജീവനക്കാരൻ മറുപടി നൽകി. പുഴുങ്ങിയ മുട്ടയുടെ വില എത്രയാണെന്നായിരുന്നു അടുത്ത ചോദ്യം. പത്ത് രൂപയെന്ന് ഉത്തരം. എങ്കിൽ പുഴുങ്ങിയ രണ്ട് മുട്ടയും ഗ്രേവിയും തരാൻ യുവാക്കൾ ആവശ്യപ്പെട്ടു. തുടർന്ന് ഹോട്ടൽ ജീവനക്കാരുമായി യുവാക്കൾ തർക്കമായി. പ്രകോപിതരായി യുവാക്കൾ ഹോട്ടലിന്‍റെ അടുക്കളയിൽ അതിക്രമിച്ച് കയറുകയും ഉടമയെയും ജീവനക്കാരെയും മർദിച്ചു എന്നുമാണ് പരാതി. മദ്യലഹരിയിലായിരുന്നു അതിക്രമം.


