ആലുവ പറവൂർ കവലയിലെ എസ്‌ബിഐ എടിഎം കൗണ്ടറിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. പണം പിൻവലിക്കാൻ എത്തിയയാൾ പാമ്പിനെ കണ്ടതോടെ പരിഭ്രാന്തനായി. ഇടപാടുകൾ രണ്ട് മണിക്കൂറോളം തടസ്സപ്പെടുകയും ചെയ്തു. ഒടുവിൽ പാമ്പ് സ്വയം പുറത്തേക്ക് പോയതോടെയാണ് ആളുകൾക്ക് ആശ്വാസമായത്.

കൊച്ചി: പണം പിൻവലിക്കാൻ എത്തിയവരെ ആശങ്കയിലാഴ്ത്തി എടിഎം കൗണ്ടറിൽ മൂർഖൻ പാമ്പ്. ദേശീയപാതയോട് ചേർന്ന ആലുവ പറവൂർ കവലയിലെ എസ്‌ബിഐ എടിഎം കൗണ്ടറിലാണ് സംഭവം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെ പണം പിൻവലിക്കാൻ എത്തിയ ഒരാൾ, എടിഎം മെഷീനിൽ നിന്ന് കാർഡ് എടുക്കുന്നതിനിടെയാണ് താഴെ മെഷീനോട് ചേർന്ന് കിടക്കുന്ന പാമ്പിനെ കണ്ടത്. ഭയന്ന് ഇയാൾ പുറത്തേക്ക് ഓടി വിവരം പരിസരത്തുള്ളവരെ അറിയിച്ചു. ഇതോടെ എടിഎം കൗണ്ടറിലെ ഇടപാടുകൾ രണ്ട് മണിക്കൂറോളം പൂർണമായും തടസ്സപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിവരം അറിഞ്ഞ് എത്തിയ സമീപത്തെ കച്ചവടക്കാർ പാമ്പിനെ കൊല്ലാൻ ശ്രമിച്ചെങ്കിലും തുടർന്ന് നിയമപ്രശ്നങ്ങൾ ഉണ്ടാകാമെന്ന് ചിലർ ചൂണ്ടിക്കാണിച്ചതോടെ ആ നീക്കം ഒഴിവാക്കി. എടിഎം കൗണ്ടറിലെ ക്യാമറ ദൃശ്യങ്ങളും തെളിവാകുമെന്ന് അവർ പറഞ്ഞു. തുടർന്ന് പൊലീസിനെ വിവരമറിയിച്ചെങ്കിലും ഉടൻ പരിഹാരം കണ്ടെത്താനായില്ല. ഒടുവിൽ വൈകിട്ട് നാല് മണിയോടെ പാമ്പ് സ്വയം കൗണ്ടറിൽ നിന്ന് പുറത്തേക്ക് നീങ്ങി സമീപത്തെ പറമ്പിലേക്ക് പോയി. ഇതിനിടെ പണം പിൻവലിക്കാൻ എത്തിയവരിൽ പലരും നിരാശരായി മടങ്ങി.