ഓഫിസ് ജീവനക്കാരൻ ജോജോ തോമസ് അപേക്ഷകൾ സെക്‌ഷനുകളിലേക്കു കൈമാറാൻ പോയി തിരിച്ചെത്തിയപ്പോഴാണ് രണ്ട് മൂർഖൻ പാമ്പുകൾ ഓഫിസിനുള്ളിലൂടെ ഇഴഞ്ഞുപോകുന്നത് കണ്ടത്.

കോട്ടയം: പഞ്ചായത്ത് ഓഫിസിലേക്ക് പരാതി പറയാനോ, അപേക്ഷ കൊടുക്കാനോ എത്തുമ്പോൾ രണ്ട് മൂർഖൻ പാമ്പുകൾ സ്വീകരിച്ചാൽ എങ്ങനെയുണ്ടാകും. കേൾക്കുമ്പോൾ തന്നെ പിന്തിരിഞ്ഞ് ഓടാൻ തോന്നില്ലേ. എന്നാൽ അങ്ങനെയൊരു സംഭവം നടന്നിരിക്കുകയാണ് കോട്ടയം ജില്ലയിലെ തലപ്പലം പഞ്ചായത്ത് ഓഫിസിൽ. രണ്ട് വലിയ മൂർഖൻ പാമ്പുകകളെയാണ് പഞ്ചായത്തിന്റെ ഫ്രണ്ട് ഓഫിസിൽ കണ്ടത്. തുടർന്ന് പാമ്പുപിടുത്തക്കാരനെ വിളിച്ചുവരുത്തി പാമ്പുകളെ പിടികൂടി.

കഴിഞ്ഞ ദിവസം ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ഓഫിസ് ജീവനക്കാരൻ ജോജോ തോമസ് അപേക്ഷകൾ സെക്‌ഷനുകളിലേക്കു കൈമാറാൻ പോയി തിരിച്ചെത്തിയപ്പോഴാണ് രണ്ട് മൂർഖൻ പാമ്പുകൾ ഓഫിസിനുള്ളിലൂടെ ഇഴഞ്ഞുപോകുന്നത് കണ്ടത്. പേടിച്ചുവിറച്ച് ജോജോ പ്രസിഡന്റ് അനുപമ വിശ്വനാഥിനെയും മറ്റ് ജീവനക്കാരെയും വിവരമറിയിച്ചു. പ്രസിഡന്റ് വിവരമറിയിച്ചതിനെ തുടർന്ന് പാമ്പുപിടുത്തത്തിൽ വിദ​ഗ്ധനായ തലപ്പലം സ്വദേശി ഇടത്തിൽ ജോബി എത്തി പാമ്പുകളെ പിടികൂടി.

വനം വകുപ്പിൽ വിവരമറിയിച്ചെന്ന് പ്രസിഡന്റ് അനുപമ വിശ്വനാഥ് പറഞ്ഞു. ഇത്രയും തിരക്കേറിയ സ്ഥലത്ത് പാമ്പ് എങ്ങനെ കടന്നുകൂടിയെന്ന് അറിയില്ലെന്ന് ജീവനക്കാർ പറയുന്നു. ജീവനക്കാർ ഇല്ലാത്ത സമയത്ത് പാമ്പുകൾ എത്തിയതാകാമെന്നാണ് നി​ഗമനം. എന്തായാലും പാമ്പുകൾ ആരെയും കടിച്ചില്ലെന്ന ആശ്വാസത്തിലാണ് ജീവനക്കാർ.

വയനാട് തലപ്പുഴയില്‍ അതിമാരക മയക്കുമരുന്നുമായി അഞ്ച് യുവാക്കള്‍ പിടിയില്‍

മാനന്തവാടി: തലപ്പുഴയില്‍ പൊലീസ് നടത്തിയ വാഹനപരിശോധനക്കിടെ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയിലായി. തലപ്പുഴ എസ്.ഐ രാംകുമാറും സംഘവും രണ്ടിടങ്ങളിലായാണ് വാഹന പരിശോധന നടത്തിയത്. വരയാല്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ 0.23 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെയാണ് പിടികൂടിയത്. ചിറക്കര സ്വദേശികളായ പാലാട്ടുകുന്നേല്‍ റിഷാദ് (29), കരിയങ്ങാടില്‍ നിയാസ് (29) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ 72 5485 കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പേരിയ 38 ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്‍ 0.94 ഗ്രാം എം.ഡി.എം.എ യുമായി മൂന്ന് യുവാക്കളാണ് പിടിയിലായത്. പേരിയ വാഴ്പ് മേപ്പുറത്ത് വിപിന്‍ (26), കാപ്പാട്ടുമല തലക്കോട്ടില്‍ വൈശാഖ് (29), തരുവണ കുന്നുമ്മല്‍ കെ.പി ഷംനാസ് (26) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ 13 എഡി 2225 ആള്‍ട്ടോ കാറും കസ്റ്റഡിയിലെടുത്തു. എ.എസ്.ഐ അനില്‍കുമാര്‍, എസ്.സി.പി.ഒമാരായ സനില്‍, രാജേഷ്, സിജോ, സി.പി.ഒ മാരായ സനൂപ്, സിജോ, ലിജോ എന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്.