2017 മേയിൽ വായ്പ മുഴുവനും തിരിച്ചടച്ചു. ഇതിനുശേഷം 15,000 രൂപ വീതമുള്ള എൻഒസിയാണ് സ്ഥാപനം അംഗങ്ങൾക്ക് നൽകിയത്.
അമ്പലപ്പുഴ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നെടുത്ത വായ്പത്തുക തിരിച്ചടച്ചിട്ടും ബാധ്യത പട്ടികയിൽ നിന്ന് ഒഴിവാക്കാത്തതിൽ പൊലീസിൽ പരാതി. പുന്നപ്ര പൊലീസ് സ്റ്റേഷന് എതിർവശം പുഷ്പ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ആശീർവാദ് മൈക്രോഫിനാൻസ് സ്ഥാപനത്തിനെതിരെയാണ് പുന്നപ്ര സ്വദേശിനി പരാതി നൽകിയത്. പത്തുപേരടങ്ങുന്ന സ്ത്രീകളുടെ ഗ്രൂപ്പിന് 2016ൽ ഈ സ്ഥാപനം ഒരാൾക്ക് 15,000 രൂപ ക്രമപ്രകാരം ഒന്നരലക്ഷം രൂപ വായ്പയായി നൽകിയിരുന്നു.
ഗ്രൂപ്പ് അംഗങ്ങൾ 6600 രൂപ വീതം രണ്ടു തവണയായി ഒരുമാസം 13,200 രൂപ തിരിച്ചടക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, തൊട്ടടുത്ത മാസം ജീവനക്കാരുടെ പിഴവുമൂലം ഈ ഗ്രൂപ്പിന്റെ അക്കൗണ്ടിലേക്ക് വീണ്ടും ഒന്നര ലക്ഷം രൂപകൂടി അധികമായി നൽകി. ജീവനക്കാർ ഗ്രൂപ്പ് അംഗങ്ങളെ വിവരമറിയിച്ച പ്രകാരം തവണകളടക്കുന്നത് ഇരട്ടിയാക്കി 2017 മേയിൽ വായ്പ മുഴുവനും തിരിച്ചടച്ചു. ഇതിനുശേഷം 15,000 രൂപ വീതമുള്ള എൻഒസിയാണ് സ്ഥാപനം അംഗങ്ങൾക്ക് നൽകിയത്.
മറ്റ് തടസ്സമോ നിയമനടപടിയോ ഉണ്ടാകില്ലെന്നാണ് അന്ന് സ്ഥാപനത്തിലെ ജീവനക്കാർ പറഞ്ഞിരുന്നത്. പിന്നീട് അംഗങ്ങളിൽ പലരും വീട് നിർമാണത്തിനും മറ്റ് വ്യവസായ ആവശ്യങ്ങൾക്കുമായി മറ്റ് ബാങ്കുകളെ സമീപിച്ചപ്പോൾ ബാധ്യത ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ ഇവർക്ക് വായ്പ നിഷേധിക്കുകയായിരുന്നു. തുടർന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോൾ അടുത്തദിവസം വേണ്ട പരിഹാരം കാണാമെന്ന് ഉറപ്പ് നൽകിയിരുന്നു.
എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും വേണ്ട നടപടി സ്വീകരിക്കാൻ സ്ഥാപനം തയാറായില്ല. പൊലീസിൽ പരാതി നൽകുമെന്നായപ്പോൾ ജീവനക്കാർ തട്ടിക്കയറിയെന്നും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കുപോലും വായ്പ ലഭിക്കാത്ത അവസ്ഥയിലാണ് പലരുമുള്ളത്.
കഴിഞ്ഞ ദിവസം വർക്കലയിൽ ബാങ്കിൽ നിന്നും 81 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച രണ്ട് യുവതികൾ പിടിയിലായിരുന്നു. വർക്കല രഘുനാഥപുരം സ്വദേശിനികളായ സൽമ, രേഖ വിജയൻ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. കേരള ബാങ്കിന്റെ വർക്കല പുത്തൻചന്ത ശാഖയിൽ നിന്നാണ് യുവതികൾ പണം തട്ടാൻ ശ്രമം നടത്തിയത്. സ്വയം തൊഴിൽ സംഘങ്ങളുടെ പേരിലാണ് ഇവര്‍ വായ്പ തട്ടാൻ ശ്രമിച്ചത്.
