തൃത്താല ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായതായി പരാതി. കോളേജ് ക്യാന്റീനിൽ മോഷണവും പരിസരത്ത് തീവെപ്പും ഉൾപ്പെടെയുള്ള സംഭവങ്ങൾ പതിവായതോടെ അധികൃതർ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പാലക്കാട്: തൃത്താല ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമെന്ന് പരാതി. കൂറ്റനാട് മല റോഡിൽ സ്ഥിതി ചെയ്യുന്ന കോളേജ് പരിസരങ്ങളിൽ തുടർച്ചയായ ദിവസങ്ങളിൽ മോഷണവും തീവെപ്പും നടന്നതായാണ് കോളജ് അധികൃതരുടെ പരാതി. ഇക്കഴിഞ്ഞ ജനുവരി 11 ന് രാത്രി കോളജ് ക്യാന്റീനിന്റെ വാതിൽ തകർത്ത് മോഷണം നടന്നു. ഫ്രീസറിൽ സൂക്ഷിച്ച ഐസ്ക്രീം, മിഠായി, പണം എന്നിവയാണ് കുടുംബശ്രീ നടത്തുന്ന ക്യാന്റീനിൽ നിന്നും മോഷണം പോയത്. കോളജിലെ ജലവിതരണ പൈപ്പുകൾ പൊട്ടിക്കുക, കോളജിന് ചുറ്റുമുള്ള ഉണങ്ങിയ കാടുകൾക്ക് തീയിടുക എന്നിവ പതിവാണെന്നും പ്രിൻസിപ്പൽ തൃത്താല പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ തൃത്താല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വരും ദിവസങ്ങളിൽ കോളേജ് ക്യാമ്പസിൽ രാത്രി നിരീക്ഷണം ശക്തമാക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.