വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെ പോലീസുകാരൻ മർദ്ദിച്ചെന്നാണ് പരാതി. രണ്ടുപേർ തമ്മിൽ അക്രമം നടക്കുന്നത് സാനിഷ് പൊലീസിനെ അറിയിച്ചിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലുണ്ടായ തമ്മിലടി കൺട്രോൾ റൂമിൽ വിളിച്ച് പറഞ്ഞ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് പൊലീസ്. വഞ്ചിയൂര്‍ സ്റ്റേഷനിലെ പൊലീസുകാരാണ് യുവാവിനെ ക്രൂരമായി മർദ്ദിച്ചത്. വഞ്ചിയൂര്‍ സ്ററേഷനിലെ സിവിൽ പൊലീസ് ഓഫീസര്‍ യുവാവിന്‍റെ തല പൊലീസ് ജീപ്പിന്‍റെ ബോണറ്റിലിടിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിലും വ്യക്തമാണ്
തലസ്ഥാന നഗരത്തിൽ വഞ്ചിയൂർ സ്റ്റേഷൻ പരിധിയിലെ കവറടിയിൽ കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് തമ്മിൽതല്ലുണ്ടായത്. അത് കണ്ട് നിന്ന നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നേഴ്സായ സാനിഷ് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് വിവരം പറഞ്ഞു. രാത്രി പന്ത്രണ്ട് മണിയോടെ പൊലീസ് എത്തിയെങ്കിലും തമ്മിൽതല്ലിയ ആളുകളെ ഒന്നും കണ്ടില്ല. തുടര്‍ന്ന് യുവാവിനെ ഫോണിൽ വിളിച്ച് സംഭവസ്ഥലത്തെത്താൻ നിര്‍ദ്ദേശിച്ചു. എത്താൻ വൈകിയെന്ന് ആരോപിച്ച് ജീപ്പിലിരുന്ന അനീഷ് കുമാര്‍ എന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ അസഭ്യം പറഞ്ഞു. അതിനെതിരെ പ്രതികരിച്ചപ്പോൾ വാഹനത്തിൽ നിന്നുമിറങ്ങി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന മറ്റ് പൊലീസുകാര്‍ കണ്ടിരുന്നു.
കൺട്രോൾ റൂമിൽ വിളിച്ചതിന്‍റെ പേരിൽ പൊലീസിൽ നിന്ന് ക്രൂര മര്‍ദ്ദനമേൽക്കേണ്ടിവന്നതിൽ കടുത്ത മാനസിക വിഷമത്തിലാണ് സനീഷ്. സിറ്റി പൊലീസ് കമ്മീഷണറെ നേരിൽ കണ്ട് നടന്ന സംഭവം അറിയിച്ചിട്ടുണ്ട്. ശംഖമുഖം അസിസ്റ്റ് കമ്മീഷണർ അന്വേഷിക്കുന്നുണ്ട്. പ്രകോപന പരമായി പെരുമാറിയത് പരാതിക്കാരനാണെന്നാണ് പൊലീസ് വിശദീകരണം.
