ട്രെയിന്‍ മാറിക്കയറി കോഴിക്കോട് ഇറങ്ങിയപ്പോള്‍ ടിടിഇ ഷാള്‍ പിടിച്ചുവാങ്ങിയെന്നാണ് ആരോപണം.
കോഴിക്കോട്: തീവണ്ടി മാറിക്കയറിയ യുവതിയുടെ ഷാൾ ടിക്കറ്റ് പരിശോധക പിടിച്ചെടുത്തെന്ന് ആരോപണം. ബാലുശ്ശേരി സ്വദേശി നൗഷത്താണ് ടിക്കറ്റ് പരിശോധകക്കെതിരെ ആരോപണമുന്നയിച്ചത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച വൈകുന്നേരം ഇന്റർസിറ്റി എക്സ്പ്രസിൽ തലശ്ശേരിയിൽ നിന്ന് കോഴിക്കോട് വന്നിറങ്ങിയപ്പോഴാണ് സംഭവമുണ്ടായതെന്ന് യുവതി ആരോപിച്ചു. തലശ്ശേരിയിൽ നിന്ന് മെമു ട്രെയിനിൽ കൊയിലാണ്ടിക്കാണ് യാത്രക്കാരി ടിക്കറ്റെടുത്തത്.
ഇന്റർസിറ്റിയിൽ അവർ അറിയാതെ മാറിക്കയറി. ഇതിന് കൊയിലാണ്ടിയിൽ സ്റ്റോപ്പില്ലാത്തതിനെ തുടർന്ന് കോഴിക്കോട് ഇറങ്ങേണ്ടി വന്നു. കോഴിക്കോട് റെയ്ൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങിയപ്പോൾ ടിക്കറ്റ് പരിശോധക മോശമായി പെരുമാറി എന്നാണ് യുവതിയുടെ പരാതി. തന്റെ ഷാൾ പരിശോധക പിടിച്ചുവാങ്ങിയെന്നും ആരോപിച്ചു. പരിശോധകക്കെതിരെ പൊലീസിലും കേന്ദറെയിൽവേ മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. അതേസമയം, പരാതി വാസ്തവവിരുദ്ധമാണെന്ന വിശദീകരണവുമായി റെയിൽവേ രംഗത്തെത്തി.
ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതി പിഴ അടക്കാൻ പറഞ്ഞപ്പോൾ ഷാൾ ഉപേക്ഷിച്ച് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നെന്നും പിന്നീട് പിഴ അടച്ച ശേഷം വീഡിയോ എടുത്ത് വ്യാജ പ്രചാരണം നടത്തിയതാണെന്നും പാലക്കാട് ഡിവിഷൻ പബ്ലിക് റിലേഷൻ ഓഫിസർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് റെയിൽവെ യുവതിക്കെതിരെ ആർ.പി.എഫിൽ പരാതിയും നൽകി.
