തൃശൂര്‍: തൃശൂരിലെ പുഴയ്ക്കലില്‍ പാലം യാത്രക്കാര്‍ക്ക് തുറന്നു കൊടുക്കാത്തതിനെതിരെ കോണ്‍ഗ്രസ്. പാലം തുറക്കണമെന്നാവശ്യപ്പെട്ട് അനില്‍ അക്കര എംഎല്‍എ ബുധനാഴ്ച 24 മണിക്കൂര്‍ പാലത്തില്‍ കുത്തിയിരിപ്പ് സമരം നടത്തും. അവസാന പണികള്‍ കൂടി തീര്‍ത്ത ശേഷം പാലം തുറന്നാൽ മതിയെന്നാണ് പൊതുമരാത്ത് വകുപ്പ് തീരുമാനം.

പുഴയ്ക്കല് മുതല്‍ തൃശൂര്‍ നഗരം വരെ വാഹനങ്ങളുടെ നീണ്ട നിര പതിവ് കാഴ്ചയാണ്. ഏത് നേരത്തും ഇതാണ് അവസ്ഥ. ഇതിന് പരിഹാരമായാണ് പാലം നിര്‍മ്മിക്കാൻ തുടങ്ങിയത്. പാലത്തിൻറെ പണി 99 ശതമാനവും പൂര്‍ത്തിയായി. നാളെ പാലം ഉദ്ഘാടനം ചെയ്ത് ചെറുവാഹനങ്ങള്‍ക്ക് തുറന്നു കൊടുക്കാനായിരുന്നു മന്ത്രി ജി സുധാകരൻറെ സാനിധ്യിത്തില്‍ ചേര്‍ന്ന യോഗത്തിന്‍റെ തീരുമാനം.എന്നാല്‍ അവസാനനിമിഷം തീരുമാനം മാറി.

മഴക്കാലം കഴിഞ്ഞ് അവസാന പണികള്‍ കൂടി പൂര്‍ത്തിയാക്കിയ ശേഷം പാലം തുറന്നാല്‍ മതിയെന്നാണ് ചീഫ് എഞ്ചിനീയറുടെ നിലപാട്. ഇതിനെതിരെ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനം. അടുത്ത മാസം രണ്ടിനകം അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് കോണ്ഡഗ്രസിന്‍റെ തീരുമാനം.