പാലക്കാട്‌ ഡിസിസി വൈസ് പ്രസിഡന്റ് കെഎസ്ബിഎ തങ്ങളാണ് അറസ്റ്റിലായത്. ഏഴ് ബുള്ളറ്റും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.

പാലക്കാട്: തോക്കുമായി കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയെ കോണ്‍ഗ്രസ് നേതാവ് (Congress Leader) പിടിയില്‍. പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റും പട്ടാമ്പി മുന്‍ നഗരസഭാ ചെയര്‍മാനുമായ കെഎസ്ബിഎ തങ്ങളാണ് അറസ്റ്റിലായത്. സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് തോക്ക് കസ്റ്റഡിയിലെടുത്തത്. പീളമേട് പൊലീസ് സ്റ്റേഷനിലെത്തിച്ച കെഎസ്ബിഎ തങ്ങളെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്.

കോയമ്പത്തൂർ എയർപോർട്ടിൽ നിന്ന് ഇന്ന് രാവിലെയാണ് തങ്ങളെ തോക്കുമായി പിടികൂടിയത്. പരിശോധനയ്ക്കിടെ തോക്കും ഏഴ് ബുള്ളറ്റും കെഎസ്ബിഎ തങ്ങളില്‍ നിന്നും കണ്ടെടുത്തു. തോക്ക് കൈവശം വയ്ക്കാന്‍ ആവശ്യമായ രേഖകള്‍ ഇദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. ഇതൊടെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇവ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോയമ്പത്തൂരിൽ നിന്നും ബെംഗളൂരുവിലേക്ക് പോവുന്നതിനായി എയർപോർട്ടിൽ എത്തിയതാണ് കെഎസ്ബിഎ തങ്ങള്‍. കെഎസ്ബിഎ തങ്ങളെ കോയമ്പത്തൂര്‍ പീളമേട് പൊലീസിന് കൈമാറി. കോയമ്പത്തൂർ ഈസ്റ്റ് അസിസ്റ്റന്റ് കമ്മീഷ്ണർ അരുണിന്റെ നേതൃതത്തിൽ ചോദ്യം ചെയ്യൽ തുടരുകയാണ്.

കാലപഴക്കം വന്നതിനാൽ തോക്ക് ഉപയോഗ ശൂന്യമാണെന്ന് പൊലീസ് അറിയിച്ചു. പിതാവിൻ്റെ കാലത്ത് ഉപയോഗിച്ചിരുന്ന തോക്കാണെന്നും യാത്രക്കിറങ്ങുമ്പോൾ ബാഗ് മാറിയെടുത്തതാണെന്നുമാണ് തങ്ങൾ പൊലീസിന് നൽകിയ മൊഴി. കെഎസ്ബിഎ തങ്ങൾക്കെതിരെ ഗുണ്ടാ ആക്റ്റ് പ്രകാരം കേസ് എടുക്കണമെന്ന് ആവശ്യപെട്ട് ബിജെപി രംഗത്തെത്തി.