റിയാസ് പൊലീസുകാര്‍ പിടിച്ചെടുത്ത പണം ഒളിപ്പിക്കാന്‍ സഹായിക്കുകയും കേസിലെ ഒന്നാംപ്രതിയായ എസ്എച്ച്ഒ അനില്‍കുമാറില്‍നിന്ന് പണം കൈപ്പറ്റുകയും ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

കല്‍പ്പറ്റ: വൈത്തിരി സ്റ്റേഷനിലെ എസ്എച്ച്ഒ അടക്കമുള്ള പൊലീസുകാര്‍ക്കെതിരെയുള്ള കുഴല്‍പ്പണം അപഹരണ കേസില്‍ പണം ഒളിപ്പിക്കാൻ ഉദ്യോഗസ്ഥരെ സഹായിച്ച യുവാവ് അറസ്റ്റില്‍. കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായ വൈത്തിരി വട്ടവയല്‍ ആനോത്തുവീട്ടില്‍ എ.എം. റിയാസ് (41) ആണ് അറസ്റ്റിലായത്. ഇയാള്‍ കുഴല്‍പ്പണ ഇടപാട് നടക്കുന്നതായുള്ള വിവരം പൊലീസിനെ കൈമാറിയ ആള്‍ കൂടിയാണ്. പൊലീസുകാര്‍ പിടിച്ചെടുത്ത പണം ഒളിപ്പിക്കാന്‍ സഹായിക്കുകയും കേസിലെ ഒന്നാംപ്രതിയായ എസ്എച്ച്ഒ അനില്‍കുമാറില്‍നിന്ന് പണം കൈപ്പറ്റുകയും ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രവീണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം റിയാസിനെ പിടികൂടിയത്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പതിനഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. ചുണ്ടേലില്‍വെച്ചാണ് പൊലീസ് 3,37,500 രൂപയാണ് പിടികൂടിയത്. മലപ്പുറം സ്വദേശികള്‍ക്ക് കൈമാറാനായി ചുണ്ടേല്‍ സ്വദേശിയായ യുവാവ് കൊണ്ടുപോകുകയായിരുന്ന പണമാണ് പൊലീസുകാര്‍ തട്ടിയെടുത്തത്. എസ്എച്ച്ഒ അനില്‍കുമാറിനെ പുറമെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അബ്ദുല്‍ ഷുക്കൂര്‍, ബിനീഷ്, അബ്ദുല്‍ മജീദ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. പണം അപഹരിച്ചത് പുറത്തായതിന് പിന്നാലെ നാല് പൊലീസ് ഉദ്യോഗസ്ഥരെയും നേരത്തേതന്നെ ജില്ല പൊലീസ് മേധവി തപോഷ് ബസുമതാരിയുടെ റിപ്പോര്‍ട്ട് പ്രകാരം ഉത്തരമേഖലാ ഐജി രാജ്പാല്‍ മീണ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അന്വേഷണം പുരോഗമിക്കുന്നതിനിടെ പൊലീസുകാരുടെ പേരില്‍ മോഷണക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. അതിനിടെ പണം കൈപ്പറ്റാനെത്തിയ സംഘത്തിലെ ഒരാളായിരുന്ന കൊണ്ടോട്ടി സ്വദേശിയെ പൊലീസ് മര്‍ദിച്ചതായി പരാതിയുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ മൊഴിപ്രകാരമായിരുന്നു പൊലീസുകാർക്കെതിരെ കേസെടുത്തത്.