പാറമേക്കാവ് ദേശത്തെ കുറുപ്പാള്‍ തറവാട്ടു കാരണവര്‍ തിരുമാന്ധാംകുന്നിലമ്മയെ ദര്‍ശിച്ച് മടങ്ങുന്നവഴി ദേവി അദ്ദേഹത്തോടൊപ്പം എഴുന്നള്ളിയെന്നാണ് ഐതിഹ്യം
തൃശൂര്‍: തൃശൂർ പൂരത്തിലെ പ്രധാന ദേവസ്വമായ പാറമേക്കാവിലമ്മയും മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിയും തമ്മിൽ ചെറുതല്ലാത്തൊരു ബന്ധമുണ്ട്. തിരുമാന്ധാംകുന്ന് ഭഗവതിയുടെ ശക്തിചൈതന്യമായാണ് വിശ്വാസികള്‍ കണക്കാക്കുന്നത്. പാറമേക്കാവ് ദേശത്തെ കുറുപ്പാള്‍ തറവാട്ടു കാരണവര്‍ തിരുമാന്ധാംകുന്നിലമ്മയെ ദര്‍ശിച്ച് മടങ്ങുന്നവഴി ദേവി അദ്ദേഹത്തോടൊപ്പം എഴുന്നള്ളിയെന്നാണ് ഐതിഹ്യം.
ശ്രീവടക്കുന്നാഥക്ഷേത്രത്തിലെ ഇലഞ്ഞിത്തറയില്‍ വിശ്രമിക്കാനിരുന്ന കാരണവര്‍ക്ക് ദേവി സ്വന്തം സാന്നിധ്യം അറിയിച്ചുകൊടുത്തു. വിശ്രമിക്കുമ്പോള്‍ അദ്ദേഹം മാറ്റിവച്ച ഓലക്കുട അവിടെനിന്ന് എടുക്കാനായില്ല. ഇതോടെ ദേവിചൈതന്യത്തെ കാരണവര്‍ നമിച്ചു. പെട്ടെന്ന് പ്രതിഷ്ഠയുമുണ്ടാക്കി. ആരാധനയും തുടങ്ങിയെന്നാണ് ഐതിഹ്യം. പിന്നീട് ഇപ്പോഴത്തെ ക്ഷേത്രം സ്ഥിതിചെയ്യുന്ന കാവിലേക്ക് പ്രതിഷ്ഠ മാറ്റിയെന്നു പഴമക്കാര്‍ പറയുന്നു. വടക്കുന്നാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനിടെ ഭക്തര്‍ പാറമേക്കാവില്‍ പോയി തിരിച്ചുവരുന്നത് ഈ അടിസ്ഥാനത്തിലാണ്. വടക്കുന്നാഥക്ഷേത്രത്തിലെ കൊക്കര്‍ണിയില്‍ പൂരം പുറപ്പെടുന്ന അന്ന് ആറാടുന്നതിനുള്ള അവകാശം പാറമേക്കാവിലമ്മയ്ക്കുണ്ട്. മറ്റൊരു ദേവീ ദേവനും കൊക്കര്‍ണിയില്‍ ആറാടാന്‍ അവകാശമില്ല.

അതേസമയം കാത്തുകാത്തിരുന്ന തൃശൂര്‍ പൂരത്തിന്‍റെ വിളംബരം ആഘോഷം ഇന്ന കെങ്കേമമായി. ശനിയാഴ്ച്ച രാവിലെ 12.20 നു നൈതലക്കാവ് ഭഗവതി ശ്രീവടക്കുംനാഥന്റെ തെക്കേഗോപുരനട തള്ളിത്തുറന്നു. ഇതോടെ നാടും നഗരവും പൂരത്തിരക്കിലേക്കാണ് കടന്നത്. കൊമ്പന്‍ എറണാകുളം ശിവകുമാറാണ് തെക്കേനട തുറന്നത്. ഇതോടെ പൂരചടങ്ങുകള്‍ തുടങ്ങി. ഞായറാഴ്ച്ച രാവിലെ ഏഴിന് കണിമംഗലം ശാസ്താവ് എഴുന്നള്ളിയെത്തുന്നതോടെ 36 മണിക്കൂര്‍ നീളുന്ന തൃശൂര്‍ പൂരം പൂത്തുലയും. കൊച്ചിരാജാവായിരുന്ന ശക്തന്‍റെ തൃശൂരിലെ കോവിലകത്തു പ്രതിഷ്ഠിച്ച നൈതലക്കാവ് ഭഗവതിക്കു പൂരവിളംബരം നടത്താന്‍ അനുമതി നല്‍കിയെന്നാണ് വിശ്വാസം. പൂരത്തിന്റെ ആചാരപരമായ അനുഷ്ഠാനമാണ് വിളംബരം. പൂരത്തിനെത്തുന്ന ഘടകക്ഷേത്രങ്ങള്‍ക്ക് വേണ്ട സൗകര്യമുണ്ടെന്ന് ഉറപ്പുവരുത്താന്‍ വേണ്ടിയാണ് നൈതലക്കാവ് ഭഗവതി എഴുന്നള്ളിയെത്തുന്നത്. 1952ല്‍ കോവിലകത്തും പൂരം നിലച്ചതോടെ പൂരം വിളംബരവും അന്യമായി. പിന്നീട് 2004 ലാണ് വിളംബരചടങ്ങ് പുന:രാരംഭിച്ചത്.
