അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് റവന്യൂ വകുപ്പ് നല്‍കിയ സ്റ്റോപ്പ് മെമ്മോ മറികടന്ന് നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സംരക്ഷണ സമിതി രൂപീകരിക്കുന്നു. സമിതി രൂപീകരിക്കുന്നതിന്റെ ഭാഗമായുള്ള യോഗം ഞായറാഴ്ച  രാവിലെ 10 മണിക്ക് മൂന്നാര്‍ ഹൈ ആള്‍റ്റിറ്റിയൂഡ് സ്‌റ്റേഡിയത്തില്‍ നടക്കും.  

മൂന്നാര്‍: മൂന്നാറില്‍ കെ.എസ്.ഇ.ബി യുടെ അധീനതയിലുള്ള ഹൈഡല്‍ പാര്‍ക്കിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് റവന്യൂ വകുപ്പ് നല്‍കിയ സ്റ്റോപ്പ് മെമ്മോ മറികടന്ന് നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സംരക്ഷണ സമിതി രൂപീകരിക്കുന്നു. സമിതി രൂപീകരിക്കുന്നതിന്റെ ഭാഗമായുള്ള യോഗം ഞായറാഴ്ച രാവിലെ 10 മണിക്ക് മൂന്നാര്‍ ഹൈ ആള്‍റ്റിറ്റിയൂഡ് സ്‌റ്റേഡിയത്തില്‍ നടക്കും. 

അനുമതിയില്ലാതെ നടന്നു വന്നിരുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയ സാഹചര്യത്തിലാണ് സംരക്ഷണ സമിതിയുടെ രൂപീകരണ യോഗം നടക്കുന്നത്. മൂന്നാര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ 3 ഏക്കര്‍ സ്ഥലത്താണ് അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മ്മാണങ്ങള്‍ നടന്നു വരുന്നത്. അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതികെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധ സമരങ്ങളുമായി രംഗത്തെത്തിയിരുന്നു. നിര്‍മ്മാണങ്ങള്‍ വിവാദമായതോടെ റവന്യൂ വകുപ്പ് നിര്‍മ്മാണങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി. ഉത്തരവു ലംഘിച്ച് വീണ്ടും നിര്‍മ്മാണങ്ങള്‍ നടന്നതോടെ ഒരാള്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. കോടതിയുടെ നിര്‍ദ്ദേശപ്രകാരം പാര്‍ക്കിലെ നിര്‍മ്മാണങ്ങളെക്കുറിച്ച് പരിശോധനകള്‍ നടത്തിയ ജില്ലാ ഭരണകൂടം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അനധികൃതമാണെന്ന് റിപ്പോര്‍ട്ടു നല്‍കി. ഇതിനെ തുടര്‍ന്ന് റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി തന്നെ നിര്‍മ്മാണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഉത്തരവിനെതിരെ ബാങ്ക് കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് മൂന്നാര്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് സംരക്ഷണ സമിതി എന്ന പേരില്‍ സംരക്ഷണ സമിതി രൂപീകരിക്കുന്നത്.

തോട്ടംതൊഴിലാളികളുടെ മക്കള്‍ക്ക് ജോലി വാഗ്ദാനം നല്‍കിയാണ് പഴയമൂന്നാറിലെ വൈദ്യുതിവകുപ്പിന്റെ കീഴിലുള്ള ഭൂമിയില്‍ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്ക് 12 കോടിയിലധികം രൂപ മുടക്കി നിര്‍മ്മാണങ്ങള്‍ ആരംഭിച്ചത്. പാര്‍ക്കിലെ നിലവിലെ ഒഴിവിലേക്ക് തൊഴിലാളികളുടെ മക്കളെ നിയമിക്കാതെ ബന്ധുക്കളെ നിയമിച്ചതും പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

Read Also: പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കും, പീഡനത്തിന് ഇരയാക്കി ഭീഷണിപ്പെടുത്തി പണം തട്ടും; 'മായക്കണ്ണൻ' പിടിയില്‍