കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പ്രസാദം ക്ഷേത്രത്തിന് പുറത്തുള്ള വാടക വീട്ടിൽ നിർമ്മിക്കുന്നതായി കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രസാദം ഉണ്ടാക്കുന്നതെന്ന് ആരോപിച്ച് ബിജെപി, ഹിന്ദു ഐക്യവേദി പ്രവർത്തകർ പ്രതിഷേധിച്ചു.

കൊല്ലം: കൊല്ലം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പ്രസാദത്തെ ചൊല്ലി വിവാദം. ക്ഷേത്രത്തിനുള്ളിൽ നിർമ്മിക്കേണ്ട കരി പ്രസാദം, ചന്ദനം, ഭസ്മം എന്നിവ സമീപത്തെ വാടക വീട്ടിൽ നിർമ്മിക്കുന്നതായി കണ്ടെത്തി. ബിജെപി, ഹിന്ദു ഐക്യവേദി പ്രവർത്തകർ വീട്ടിൽ പ്രതിഷേധിച്ചു. സ്ഥലത്ത് എത്തിയ തിരുവിതാംകൂർ ദേവസ്വം അധികൃതരെ പ്രതിഷേധക്കാർ തടഞ്ഞുവച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രസാദം നിർമ്മിച്ചിരുന്നതെന്നും ക്ഷേത്രത്തിൽ ശുദ്ധികലശം നടത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഉത്തരവാദികളായ ദേവസ്വം ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും എതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. പ്രതിഷേധത്തെ തുടർന്ന് പൊലീസ് എത്തി പരിശോധന നടത്തി വീട് പൂട്ടിച്ചു.