മലപ്പുറം ചിയാനൂരിലെ വീടുകളിൽ മോഷണം നടത്തിയ കേസിൽ വള്ളിക്കുന്ന് സ്വദേശി സജീറിനെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു.  ഒളിവിലുള്ള സലീമിനായി പൊലീസ് അന്വേഷണം തുടരുകയാണ്.

മലപ്പുറം: മലപ്പുറത്തെ ചിയാനൂര്‍ ഭാഗത്ത് നിരവധി വീടുകളില്‍ മോഷണം നടത്തിയ പ്രതിയെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി സജീറാണ് (51) അറസ്റ്റിലായത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വിവിധയിടങ്ങളില്‍ മോഷണ കേസുകളില്‍ ഇയാള്‍ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

സി സി ടി വി കേന്ദ്രീകരിച്ച് സമാന കുറ്റകൃത്യത്തില്‍ മുമ്പ് ഉള്‍പ്പെട്ടിട്ടുള്ള പ്രതികളെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സംഭവത്തില്‍ സലീം എന്ന് പേരുള്ള കൂട്ടുപ്രതിയെ കൂടി പിടികിട്ടാനു ണ്ടെന്നും ഇയാള്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണെന്നും സി ഐ ഷൈന്‍ പറഞ്ഞു.

സജിര്‍ ഓടിച്ച് കൊണ്ടിരിക്കുന്ന ഗുഡ്സ് ഓട്ടോയിലാണ് രാത്രി കാലങ്ങളില്‍ സലീം മോഷണത്തിനായി എത്തുന്നത്. സലീമിനെ മോഷണത്തിന് ഇറക്കി വിട്ട ശേഷം സജീര്‍ ഓട്ടോറിക്ഷയില്‍ വിശ്രമിക്കുന്നതാണ് ഇവരുടെ രീതി. മോഷണം കഴിഞ്ഞാല്‍ രണ്ടു പേരും ചേര്‍ന്ന് രക്ഷപ്പെടുകയും ചെയ്യും. കഴിഞ്ഞ മാസമാണ് ചിയ്യാനൂര്‍ മാര്‍സ് സിനിമാസിന് പിറക് വശത്തുള്ള വിവിധ വീടുകളില്‍ മോഷണം നടന്നത്. ചങ്ങരംകുളം എസ് ഐ എം നസിയയുടെ നേതൃത്വത്തില്‍ പിടിയിലായ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.