രണ്ടര കോടിയോളം രൂപയുടെ കള്ളനോട്ട് അച്ചടിക്കാനായിരുന്നു നീക്കം. അറസ്റ്റിലായ കല്ലേലിവയൽ സ്വദേശി സിബിയോണിനൊപ്പം കൂടുതൽ കണ്ണികളുണ്ടെന്ന് നിഗമനത്തിലാണ് പൊലീസ്.

കൊല്ലം: കൊല്ലത്തെ വാടിയിലെ വീട്ടിൽ നിന്നും കള്ളനോട്ട് അച്ചടിക്കുന്ന സാമഗ്രികൾ പിടികൂടിയ കേസിൽ സമഗ്ര അന്വേഷണത്തിന് പൊലീസ്. രണ്ടര കോടിയോളം രൂപയുടെ കള്ളനോട്ട് അച്ചടിക്കാനായിരുന്നു നീക്കം. അറസ്റ്റിലായ കല്ലേലിവയൽ സ്വദേശി സിബിയോണിനൊപ്പം കൂടുതൽ കണ്ണികളുണ്ടെന്ന് നിഗമനത്തിലാണ് പൊലീസ്.

ഇന്നലെ രാത്രിയാണ് തീരദേശ മേഖലയായ വാടിയിലെ വീട്ടിൽ നിന്ന് കള്ളനോട്ട് അച്ചടിക്കുന്ന സാമഗ്രികൾ പിടികൂടിയത്. സിറ്റി ഡാൻസാഫ് സംഘവും പള്ളിത്തോട്ടം പൊലീസും നടത്തിയ റെയ്ഡിൽ പ്രിന്റററും 500 രൂപയുടെ കള്ളനോട്ട് അച്ചടിക്കാനായി മുറിച്ച പേപ്പർ കെട്ടുകളും നോട്ട് എണ്ണുന്ന യന്ത്രവും പിടിച്ചെടുത്തു. പിടിച്ചെടുത്ത പേപ്പർ കെട്ടുകളിൽ 500 രൂപ നോട്ടിന്റെ ഡിസൈൻ പ്രിന്റ് ചെയ്തിരുന്നു.

45 പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങളും 4.32 ലക്ഷം രൂപയും കണ്ടെടുത്തു. അറസ്റ്റിലായ കല്ലേലിവയൽ സ്വദേശി സിബിയോൺ വൻ ശൃംഖലയിലെ കണ്ണിയാണെന്ന നിഗമനത്തിലാണ് പൊലീസ്. സിബിയോണിനെ തട്ടിക്കൊണ്ടു പോയെന്ന് ഭാര്യ ദിവസങ്ങൾക്ക് മുമ്പ് പൊലീസിൽ നൽകിയ പരാതിയാണ് കള്ളനോട്ട് അച്ചടി കേന്ദ്രം കണ്ടെത്തുന്നതിൽ നിർണ്ണായകമായത്. പരാതി കിട്ടിയതിന് പിന്നാലെ ഇയാൾ സ്‌റ്റേഷനിൽ ഹാജരായിരുന്നു.

തട്ടിക്കൊണ്ടു പോയവർ തന്നെ വിട്ടയച്ചെന്നായിരുന്നു സിബിയോൺ പറഞ്ഞത്. സിബിയോണിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിബിയോണിൽ നിന്ന് തട്ടിയെടുത്തെന്ന് പറഞ്ഞ സ്‌കൂട്ടറും പൊലീസ് കണ്ടെടുത്തു. സിബിയോണിൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് തുടരെ നിരീക്ഷണം നടത്തി. തുടർന്നാണ് ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. തട്ടിക്കൊണ്ടുപോകൽ പരാതിയും കള്ളനോട്ട് ഇടപാടും തമ്മിൽ ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

YouTube video player