ആലപ്പുഴ: മന്ത്രി കെടി ജലീലിനെതിരായി കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴയിൽ നടന്ന സമരങ്ങൾക്ക് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ്സ് നേതാവിന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫിനാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ച കാര്യം ടിജിൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.

തനിക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചെന്നും താനുമായി സമ്പർക്കം പുലർത്തിയവർ എല്ലാം ക്വാറന്റൈനിൽ പോകണമെന്നും ടിജിൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന യൂത്ത് കോൺഗ്രസ്സ് കളക്ട്രേറ്റ് മാർച്ചിലും ജലീലിനെ കരിങ്കൊടി കാണിച്ച പ്രതിഷേധ സമരങ്ങളിലും ടിജിൻ പങ്കെടുത്തിരുന്നു. ഡിസിസി പ്രസിഡൻറ് ഉൾപ്പടെ നൂറുകണക്കിന് ആളുകളാണ് ടിജിനുമായി ഈ കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയത്. 

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കൊണ്ട് മാസ്ക്ക് പോലും ശരിയായ വിധത്തിൽ ധരിക്കാതെ ടിജിൻ സമരങ്ങളിൽ പങ്കെടുത്തു എന്നതാണ് സാമൂഹമാധ്യമങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളിൽ നിന്ന് വ്യക്തമാവുന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്ന കളക്ട്രേറ്റ് മാർച്ചിൽ സംഘർഷമുണ്ടായതോടെ നിയന്ത്രിക്കാനെത്തിയ പൊലീസുകാർക്കും ടിജിനുമായി സമ്പർക്കം വന്നിട്ടുണ്ട്. ഇത് അന്നേദിവസം ഡ്യൂട്ടിക്കെത്തിയ പൊലീസുകാരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.