കഴിഞ്ഞ ആഴ്ച ചേർന്ന വഞ്ചിയൂർ ഏരിയാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം എടുത്തത്
തിരുവനന്തപുരം: രക്തസാക്ഷി ഫണ്ട് മുക്കിയെന്ന പരാതിയിൽ നേതാവിനെതിരെ സിപിഎം നടപടി. തിരുവനന്തപുരം വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗമായ ടി രവീന്ദ്രൻ നായരെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു. 2008 ൽ കൊല്ലപ്പെട്ട സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ശേഖരിച്ച രക്തസാക്ഷി ഫണ്ടിൽ തട്ടിപ്പ് നടന്നെന്നാണ് ആരോപണം. പരാതിയിൽ അന്വേഷണ വിധേയമായാണ് രവീന്ദ്രൻ നായരെ സസ്പെന്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ചേർന്ന വഞ്ചിയൂർ ഏരിയാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം എടുത്തത്.
Read More: ഡിവൈഎഫ്ഐ നേതാവിന്റെ വധം: ആർഎസ്എസുകാരനായ പിടികിട്ടാപ്പുള്ളി പത്ത് വർഷത്തിന് ശേഷം പിടിയില്‍
2008 ഏപ്രിൽ ഒന്നിനാണ് വിഷ്ണു കൊല്ലപ്പെട്ടത്. വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി പാർട്ടി ധനശേഖരണം നടത്തി. അന്ന് ഏരിയാ സെക്രട്ടറിയായിരുന്നു ടി രവീന്ദ്രൻ നായർ. വിഷ്ണുവിന്റെ കുടുംബത്തിനുള്ള സഹായ ധനം നൽകിയ ശേഷം അഞ്ച് ലക്ഷം കേസ് നടത്തിപ്പിനും മറ്റുമായി മാറ്റിവച്ചിരുന്നു. എന്നാൽ ഈ പണം രവീന്ദ്രൻ നായർ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പരാതി ഉയർന്നത്. വിഷ്ണുവിന്റെ കുടുംബം പരാതിയുമായി പാർട്ടി നേതാക്കളെ സമീപിക്കുകയായിരുന്നു. പിന്നാലെ നിലവിലെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിയെ അന്വേഷണ കമ്മീഷനാക്കി പരാതി പാർട്ടി അന്വേഷിച്ചിരുന്നു. ഈ സംഭവത്തിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്. എന്നാൽ ഫണ്ട് തട്ടിപ്പിൽ വിഷ്ണുവിന്റെ കുടുംബം പൊലീസിനെ സമീപിച്ചിട്ടില്ല. പരാതി പാർട്ടിയും പൊലീസിന് കൈമാറിയിട്ടില്ല.
Read More: വഞ്ചിയൂർ വിഷ്ണു കൊലപാതകം: പ്രതികളെ വിട്ടയച്ച നടപടി ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി തള്ളി
വിഷ്ണു വധക്കേസിൽ കുറ്റാരോപിതരായ 13 ആർഎസ്എസ് പ്രവർത്തകരെയും കോടതി വെറുതെ വിട്ടിരുന്നു. കീഴ്ക്കോടതിയുടെ ശിക്ഷാ വിധി ചോദ്യം ചെയ്ത് പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയാണ് 13 പേരെയും കുറ്റവിമുക്തരാക്കിയത്. സർക്കാർ വിധിക്കെതിരെ അപ്പീൽ സമർപ്പിച്ചിട്ടും ഫലമുണ്ടായില്ല.
കൈതമുക്ക് പാസ്പോർട്ട് ഓഫീസിന് മുന്നിലിട്ടാണ് 2008 ൽ ആർഎസ്എസ് സംഘം വിഷ്‌ണുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. വിചാരണ നേരിട്ട മുഴുവൻ പ്രതികളും ആർഎസ്എസ് നേതാക്കളും പ്രവർത്തകരുമായിരുന്നു. ഇവരിൽ 13 പ്രതികൾ കുറ്റക്കാരെന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. 11 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും, പതിനഞ്ചാം പ്രതിക്ക് ജീവപര്യന്തവും, പതിനൊന്നാം പ്രതിക്ക് മൂന്ന് വർഷം തടവ് ശിക്ഷയും നൽകി. എന്നാൽ ഹൈക്കോടതി എല്ലാവരെയും കുറ്റവിമുക്തരാക്കി. ഹൈക്കോടതി സാക്ഷിമൊഴികൾ മുഖവിലക്കെടുത്തില്ലെന്ന വിമർശനമാണ് സർക്കാർ അപ്പീലിൽ ഉന്നയിച്ചത്. പക്ഷെ ഫലമുണ്ടായില്ല.
