'തെക്ക് നിന്ന് മുകേഷും, വടക്കുനിന്ന് അൻവറും പ്രസ്ഥാനത്തെ ഞെക്കിക്കൊല്ലരുത്' വിമര്‍ശനവുമായി ലോക്കൽ സെക്രട്ടറി
മുകേഷിനെതിരെ ബലാംത്സംഗ കുറ്റം ചുമത്തി കേസെടുത്തിട്ടും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടിലാണ് സിപിഎം. തൽക്കാലം എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം
പത്തനംതിട്ട: പാര്‍ടിയെ പ്രതിസന്ധിയിലാക്കുന്ന സംഭവവികാസങ്ങളിൽ പാര്‍ട്ടിക്കകത്തുനിന്ന് തന്നെ വിമര്‍ശനങ്ങൾ ഉയരുന്നു. മുകേഷും പിവി അൻവറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പത്തനംതിട്ടയിലെ ഒരു ലോക്കൽ സെക്രട്ടറി. ബാലാത്സംഗ ആരോപണത്തിൽ കേസ് രജിസ്റ്റര്‍ ചെയ്തിട്ടും രാജിവയ്ക്കാത്ത ഭരണകക്ഷി എംഎൽഎ മുകേഷിനും, ആഭ്യന്തര വകുപ്പിനെ തന്നെ പ്രതിസന്ധിയിലാക്കുന്ന പിവി അൻവര്‍ എംഎൽഎക്കുമെതിരെയാണ് മുൻ ജില്ലാ പഞ്ചായത്ത് അംഗവും സിപിഎം പത്തനംതിട്ട കുന്നന്താനം നോർത്ത് ലോക്കൽ സെക്രട്ടറിയും മല്ലപ്പള്ളി ഏരിയാ കമ്മിറ്റി അംഗവുമായ എസ് വി സുബിന്റെ കുറിപ്പ്.
'തെക്ക് നിന്ന് മുകേഷും വടക്കുനിന്ന് അൻവറും ചേര്‍ന്ന് പ്രസ്ഥാനത്തെ ഞെക്കി കൊല്ലരുത്. ഒരുത്തനെ പുറത്താക്കണം, മറ്റവനെ നിയന്ത്രിക്കണം' എന്നുമായിരുന്നു മുൻ എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് കൂടി ആയിരുന്ന സുബിൻ പരസ്യമായി ഫേസ്ബുക്കിൽ കുറിച്ചത്. കെഎസ്കെടിയു ഏരിയാ പ്രസിഡന്റുമാണ് സുബിൻ.
മുകേഷിനെതിരെ ബലാംത്സംഗ കുറ്റം ചുമത്തി കേസെടുത്തിട്ടും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടിലാണ് സിപിഎം. തൽക്കാലം എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. കഴിഞ്ഞദിവസം അവയലബിൾ സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു ഇക്കാര്യത്തിൽ ധാരണയിലെത്തിയത്. എന്നാൽ സിപിഐ ഇക്കാര്യത്തിൽ ഭിന്നാഭിപ്രായം ഉന്നയിച്ചെങ്കിലും സംസ്ഥാന നേതൃത്വം ഇത് തിരുത്തി. എന്നാൽ താഴേക്കിടയിൽ പാര്‍ട്ടിക്കകത്തുനിന്ന് തന്നെ ഇക്കാര്യത്തിൽ എതിരഭിപ്രായം ഉയരുന്നതിന്റെ പശ്ചാത്തലമാണ് സുബിന്റെ കുറിപ്പിലൂടെ വ്യക്തമാകുന്നത്.
അതേസമയം തന്നെ, മലപ്പുറം എസ്പിക്കെും എഡിജിപി അജിത് കുമാറിനുമെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് നിലമ്പൂര്‍ എംഎൽഎ പിവി അൻവര്‍. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിനെ ആകെ മുൾമുനയിൽ നിര്‍ത്തുന് വെളിപ്പെടുത്തലുകളും സമര കോലാഹലങ്ങളും പിവി അൻവര്‍ എംൽഎയുടെ ഭാഗത്തുന്നും ഉണ്ടായി. വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ സിപിഎമ്മിന് വലിയ തലവേദന ആയിരിക്കുകയാണ് പിവി അൻവര്‍ എംഎൽഎയുടെ നടപടികൾ. ഈ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചുകൊണ്ടുള്ള സുബിന്റെ ഫേസ്ബുക്ക് കുറിപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം