ആലപ്പുഴ  മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു മാത്യു

ആലപ്പുഴ: ആലപ്പുഴയിലെ സി പി എം യുവ നേതാവ് കെ ടി മാത്യു അന്തരിച്ചു. സി പി എം മാരാരിക്കുളം ഏരിയ കമ്മിറ്റി അംഗമായ കെ ടി മാത്യു എസ് എഫ് ഐ മുൻ ജില്ലാ സെക്രട്ടറി കൂടിയാണ്. ആലപ്പുഴ മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു മാത്യു. പെരുമ്പാവൂരിൽ ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഒടുവിൽ പച്ചക്കൊടി! പാക്കിസ്ഥാന്‍റെ സന്ദേശമെത്തി, ശിഹാബ് ചോറ്റൂരിന് വിസ നൽകാം; കാൽനട ഹജ്ജ് യാത്ര പുനരാരംഭിക്കും

മന്ത്രി സജി ചെറിയാൻ അടക്കം രാഷ്ട്രീയ രംഗത്തെ നിരവധി പേർ കെ ടി മാത്യുവിന് അന്ത്യാഞ്ജലി അർപ്പിച്ച് രംഗത്തെത്തി. സഹോദര തുല്യമായ ബന്ധമുണ്ടായിരുന്ന മാത്യു വിടവാങ്ങിയ വാർത്ത അപ്രതീക്ഷിതവും ഞെട്ടിക്കുന്നതുമായിപ്പോയി എന്നാണ് മന്ത്രി സജി ചെറിയാൻ ഫേസ്ബുക്കിൽ കുറിച്ചത്. എല്ലാ ചുമതലകളിലും കാര്യപ്രാപ്തിയോടെ പ്രവർത്തിച്ച സഖാവ് പാർട്ടി തന്നിലേല്പിച്ച വിശ്വാസത്തെ കാത്തുസൂക്ഷിച്ചു. ജനകീയനായ യുവനേതാവിനെയാണ് ആലപ്പുഴയിലെ പാർട്ടിക്ക് നഷ്ടമായിരിക്കുന്നതെന്നും സജി ചെറിയാൻ ഓർമ്മിച്ചു.

സജി ചെറിയാന്‍റെ കുറിപ്പ് പൂർണരൂപത്തിൽ

സി പി ഐ എം മാരാരിക്കുളം ഏരിയ കമ്മറ്റി അംഗം സ: കെ ടി മാത്യു വിടവാങ്ങിയ വാർത്ത അപ്രതീക്ഷിതവും ഞെട്ടിക്കുന്നതുമായിപ്പോയി. സഹോദര തുല്യമായ ബന്ധമാണ് ഞാനും സ: മാത്യുവുമായി ഉണ്ടായിരുന്നത്. ഡി വൈ എഫ്‌ ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. എസ് എഫ്‌ ഐ കേന്ദ്ര കമ്മിറ്റി അംഗം, ആലപ്പുഴ മുന്‍ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും സഖാവ് പ്രവർത്തിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട കാലയളവിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു. എല്ലാ ചുമതലകളിലും കാര്യപ്രാപ്തിയോടെ പ്രവർത്തിച്ച സഖാവ് പാർട്ടി തന്നിലേല്പിച്ച വിശ്വാസത്തെ കാത്തുസൂക്ഷിച്ചു. ജനകീയനായ യുവനേതാവിനെയാണ് ആലപ്പുഴയിലെ പാർട്ടിക്ക് നഷ്ടമായിരിക്കുന്നത്. വലിയ ഉയരങ്ങളിൽ എത്തിച്ചേരുവാൻ കഴിവും പ്രാപ്തിയും ഉണ്ടായിരുന്ന സ: മാത്യുവിന്റെ വിടവാങ്ങൽ പാർട്ടിയെ സംബന്ധിച്ച് തീരാനഷ്ടം തന്നെയാണ്. സ: കെ ടി മാത്യുവിന്റെ വേർപാടിൽ കുടുംബത്തിന്റെയും സഖാക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ.