പാലക്കാട് ചാലിശ്ശേരിയിലെ ടാക്സി ഡ്രൈവറായ കബീറും നൂറുകണക്കിന് കാക്കകളും തമ്മിലുള്ളത് അപൂർവ്വ സൗഹൃദം. ദിവസവും ക്ഷേത്ര മൈതാനത്തെത്തി കബീർ കാക്കകൾക്ക് ബിസ്കറ്റ് നൽകും. കാക്കകൾ മാത്രമല്ല, പൂച്ച, നായ തുടങ്ങിയ മൃഗങ്ങളും കബീറിന്റെ സുഹൃത്തുക്കളാണ്.

പാലക്കാട്: നൂറുകണക്കിന് കാക്കളുമായി സൗഹൃദവലയം തീർത്ത ഒരാളുണ്ട് പാലക്കാട് ചാലിശ്ശേരിയിൽ. ടാക്സി ഡ്രൈവറായ കബീറിൻറെയും കാക്കളുടേയും അപൂർവ സൗഹൃദത്തിന്റെ കഥയാണിത്. ഒരു വർഷം മുമ്പാണ് ചാലിശ്ശേരി ക്ഷേത്ര മൈതാനത്തെ പ്രഭാത സവാരിക്കിടെ കബീറും കാക്കളും തമ്മിൽ സൗഹൃദം തുടങ്ങിയത്. ആദ്യം ഒരു കാക്കയ്ക്ക് ബിസ്കറ്റ് കൊടുത്തു തുടങ്ങി. പിന്നെ പത്തും ഇരുപതും അൻപതുമായി, ഇന്ന് കബീറെത്തുന്നതും കാത്തിരിക്കുന്നത് നൂറുകണക്കിന് കാക്കളാണ്. ദൂരെ നിന്നും കബീറിൻറെ നീല ബൈക്ക് കണ്ടാൽ എല്ലാവരും പറന്നെത്തും. കയ്യിൽ കരുതിയ ബിസ്കറ്റ് ഓരോരുത്തർക്കായി കബീർ പകുത്തു നൽകും...

YouTube video player

പതിവു തെറ്റാതെ എല്ലാദിവസവും കബീറെത്തും. പ്രഭാത നടത്തം തുടങ്ങും മുമ്പെ കാക്കളെ ഊട്ടും. പിന്നെ തിരികെ പോകും വഴി കയ്യിൽ ബാക്കിയുള്ളതും നൽകി വീട്ടിലേക്ക് മടങ്ങും. ക്ഷേത്ര മൈതാനത്തെ കാക്കൾ മാത്രമല്ല, വീടിനോട് ചേർന്നും ചാലിശ്ശേരിയിലെ ടാക്സി സ്റ്റാൻറിലെ കാക്കകളും പൂച്ചയും നായയുമെല്ലാം കബീറിൻറെ സൗഹൃദക്കൂട്ടിലെ അംഗങ്ങളാണ്. ചാലിശ്ശേരി സെന്ററിൽ കാർ ഡ്രൈവർ ആയി ജോലി ചെയ്യുകയാണ് കബീ‍‌ർ. സൗമ്യനായ കബീറിന്റെ സഹജീവി സ്നേഹം നാടെങ്ങും മികച്ച മാതൃകയും പ്രചോദനവുമാണ് സൃഷ്ടിക്കുന്നത്.