സാമൂഹ്യനീതി, സാമുദായിക സൗഹാര്‍ദ്ദം, ഇന്ത്യയുടെ ഭരണഘടനാമൂല്യങ്ങള്‍, കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക വളര്‍ച്ച എന്നിവയ്ക്കായി ആത്മാര്‍ത്ഥവും നിസ്വാര്‍ത്ഥവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കൂട്ടായ്മകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ളതാണ് രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന ഈ പുരസ്‌കാരം. 

കോഴിക്കോട്: ദയാപുരം വിദ്യാഭ്യാസസാംസ്‌കാരിക കേന്ദ്രം ഏര്‍പ്പെടുത്തിയ നാലാമത് ഷെയ്ഖ് അന്‍സാരി അവാര്‍ഡിന് കോഴിക്കോട്ടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍ അര്‍ഹമായി. സാമൂഹ്യനീതി, സാമുദായിക സൗഹാര്‍ദ്ദം, ഇന്ത്യയുടെ ഭരണഘടനാമൂല്യങ്ങള്‍, കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക വളര്‍ച്ച എന്നിവയ്ക്കായി ആത്മാര്‍ത്ഥവും നിസ്വാര്‍ത്ഥവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കൂട്ടായ്മകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ളതാണ് രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന ഈ പുരസ്‌കാരം. 

മുപ്പതു വര്‍ഷമായി പാലിയേറ്റീവ് കെയര്‍ രംഗത്ത് നടത്തുന്ന സേവനപ്രവര്‍ത്തനങ്ങളിലൂടെയും പരിശീലനങ്ങളിലൂടെയും ഗവേഷണത്തിലൂടെയും പരിചരണത്തിന്റെയും സന്നദ്ധപ്രവര്‍ത്തനത്തിന്റെയും സംവിധാനവും സംസ്‌കാരവും അവതരിപ്പിച്ചതാണ് ഐ പി എമ്മിനെ അവാര്‍ഡിന് അര്‍ഹമാക്കിയതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡോ. എം എം ബഷീര്‍ ചെയര്‍മാനും സി.ടി അബ്ദുറഹിം സെക്രട്ടറിയും പി.പി ഹൈദര്‍ ഹാജി, അബ്ദുല്ല നന്മണ്ട, ഡോ. എന്‍.പി ആഷ്ലി എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. 

1989-ല്‍ വിടപറഞ്ഞ പ്രമുഖ പണ്ഡിതനും ഖത്തറിലെ മതകാര്യവകുപ്പിന്റെയും സാംസ്‌കാരിക പുനരുത്ഥാനവകുപ്പിന്റെയും ഡയറക്ടറുമായിരുന്ന ഷെയ്ഖ് അബ്ദുല്ലാ ഇബ്രാഹിം അല്‍ അന്‍സാരിയുടെ ഓര്‍മക്കായി 2009- ല്‍ ദയാപുരം കൂട്ടായ്മ സ്ഥാപിച്ചതാണ് ഈ പുരസ്‌കാരം. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസ്, തിരൂരങ്ങാടി യത്തീംഖാന, കാന്‍സര്‍ രോഗികള്‍ക്കായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ആശ്രയ വളണ്ടിയര്‍ കേന്ദ്രം, വി എം സുധീരന്‍, കോട്ടക്കല്‍ ആര്യവൈദ്യശാല എന്നിവര്‍ക്കാണ് മുന്‍വര്‍ഷങ്ങളില്‍ ഈ പുരസ്‌കാരം ലഭിച്ചത്. 

ഡോ. എം എം ബഷീര്‍, സി ടി അബ്ദുറഹീം, എന്‍.പി ആഷ്ലി, ദയാപുരം റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍, ജ്യോതി പി, ദയാപുരം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. നിമ്മി ജോണ്‍ വി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.