തൃശൂരിൽ ടി.എൻ. പ്രതാപനെതിരെ ഗുരുതരമായ ഡീൽ ആരോപണവുമായി കോൺഗ്രസ് നേതാവ് ഫിറോസ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്ക് വിജയിക്കാൻ അവസരമൊരുക്കിയെന്നും ഇതിനായി 8 കോടി രൂപ കൈപ്പറ്റിയെന്നുമാണ് പ്രധാന ആരോപണം. നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയുമായി ഡീൽ ഉണ്ടാക്കിയെന്നും ഫിറോസ് ആരോപിക്കുന്നു.

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവെ അടങ്ങാതെ ഡീൽ വിവാദം. ഒടുവിൽ തൃശൂരിൽ നാട്ടികയിലെ കോൺ​ഗ്രസ് വൈസ് പ്രസിഡന്റ് ഫിറോസാണ് ടി.എൻ. പ്രതാപനെതിരെ രം​ഗത്തെത്തിയത്. മണലൂരിൽ യുഡിഎഫ് സ്ഥാനാർഥിയായ പ്രതാപൻ, ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപിക്ക് വിജയിക്കാൻ അവസരമൊരുക്കിയെന്നാണ് പ്രധാന ആരോപണം. സുരേഷ് ​ഗോപി നൽകിയ എട്ട് കോടി പ്രതാപൻ നാട്ടികയിലും മണലൂരും വിതരണം ചെയ്തുവെന്നും പണമെത്തിച്ചത് മകന്റെ വാഹനത്തിലാണെന്നും ഫിറോസ് ആരോപണമുന്നയിച്ചു. സുരേഷ് ​ഗോപി നൽകിയ പണം, ഡിസിസിയിൽ പ്രതാപനെ അനുകൂലിക്കുന്ന നേതാക്കൾ, മണ്ഡലം, ബ്ലോക്ക് തല ഭാരവാഹികൾ എന്നിവർക്ക് വിതരണം ചെയ്തുവെന്നും ഫിറോസ് ആരോപിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

രാവിലെ കോൺ​ഗ്രസും വൈകീട്ട് ബിജെപിയുമാണ് പ്രതാപൻ. നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയുമായി ഡീൽ ഉണ്ടാക്കി. ​ഗുരുവായൂരിൽ ബി. ​ഗോപാലകൃഷ്ണനെ സഹായിക്കാമെന്നും തിരിച്ച് മണലൂരിൽ ബിജെപി തന്നെ സഹായിക്കണമെന്നുമാണ് ഡീൽ. വാടാനപ്പള്ളിയിലെ കിറ്റ് വിവാദം പ്രതാപനും ബിജെപിയും ചേർന്നുള്ള ഒത്തുകളിയാണെന്നും ഫിറോസ് ആരോപിച്ചു. ബി. ​ഗോപാലകൃഷ്ണനാണ് ഒറ്റിയത്. ഇങ്ങനെ ഒരു സംഭവം നടക്കുമെന്ന് മൂന്ന് ദിവസം മുമ്പ് അറിഞ്ഞുവെന്നും ഫിറോസ് ആരോപിച്ചു. എന്നാൽ, ഫിറോസ് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലാണ് വാർത്താസമ്മേളനം നടത്തിയത്. ഫിറോസ് സിപിഎമ്മിന്റെ ചട്ടുകമാകുകയാണെന്ന് സോഷ്യൽമീഡിയയിൽ പ്രവർത്തകർ ആരോപിച്ചു. അതേസമയം, കോൺ​ഗ്രസോ ടിഎൻ പ്രതാപനോ ബിജെപിയോ ആരോപണത്തിൽ ഔദ്യോ​ഗികമായി മറുപടി പറഞ്ഞിട്ടില്ല.

കഴിഞ്ഞ ദിവസം തൃശൂർ വാടാനപ്പള്ളിയിൽ ബിജെപി കിറ്റ് വിതരണം നടത്തിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. യുഡിഎഫ് നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷമുണ്ടായതിന് പിന്നാലെ, യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന്‍ ഉള്‍പ്പടെയുള്ള യുഡിഎഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രദേശത്തെ വ്യാപാരിയുടെ ഗോഡൗണിൽ നിന്ന് സാധനം കടത്താൻ ശ്രമിച്ചെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. വ്യാപാരിയുടെ വീട്ടിലെത്തിയ നടന്‍ ദേവനടക്കം ബിജെപി നേതാക്കളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. വാടാനപ്പള്ളിയിലെ ചാംപ്യൻ സൂപ്പർ മാർക്കറ്റിൽ സൂക്ഷിച്ചിരുന്ന കിറ്റുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. സൂപ്പർ മാർക്കറ്റ് ഉടമയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കിറ്റ് ഓർഡർ ചെയ്ത വാടാനപ്പള്ളി സ്വദേശി ബിജെപി പ്രവർത്തകനായ സതീഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളാണ് കിറ്റ് ഓർഡർ ചെയ്തതെന്ന് കടയുടമ മൊഴി നൽകി. 4000 കിറ്റുകൾ വിഷുവിനായി നൽകാൻ ഓർഡർ ചെയ്തതെന്ന് സതീഷ് പൊലീസിനോട് പറഞ്ഞു.