വ്യാജ മദ്യ കേസ് അടക്കം 2 ക്രിമിനൽ കേസിലെ പ്രതിയാണ് വീണ്ടും അറസ്റ്റിലായിട്ടുള്ളത്. വെള്ളിയാഴ്ച രാത്രിയായിരുന്നു ആക്രമണം. ബൈക്കിൽ കയറ്റാത്തതിലെ വൈരാഗ്യം മൂലമാണ് ആക്രമണം.
തൃശൂർ: ബൈക്കിൽ കയറ്റി കൊണ്ട് പോകാത്ത വൈരാഗ്യത്തിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. വരന്തരപ്പിള്ളി വേലപ്പാടം കിണർ ദേശത്ത് പുൽകിരിപറമ്പിൽ വീട്ടിൽ ഷിനോജ് (45 ) നെയാണ് വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 12-ന് രാത്രി 9:30 ന് ഭക്ഷണം കഴിക്കാൻ വിളിക്കാനായി ഷിനോജിന്റെ വീട്ടിലേക്ക് പോയ വേലുപ്പാടം സ്വദേശിയായ വലിയപറമ്പിൽ വീട്ടിൽ മൻസൂർ (34) നെയാണ് വീടിന് മുന്നിൽ വെച്ച് തടഞ്ഞുനിർത്തി അടുക്കളയിൽ നിന്ന് എടുത്ത കൊടുവാൾ ഉപയോഗിച്ച് വെട്ടി ഗുരുതര പരിക്കേൽപ്പിച്ച സംഭവത്തിലാണ് ഷിനോജിനെ വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഷിനോജ് വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷനിൽ 2020 വർഷത്തിൽ വ്യാജ മദ്യ കേസ് അടക്കം 2 ക്രിമിനൽ കേസിലെ പ്രതിയാണ്. വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മനോജ് കെ എൻ , സബ്ബ് ഇൻസ്പെക്ടർമാരായ പോൾസൺ, സുനിൽകുമാർ, അലി, സീനിയർ സിവിൽ പൊലീസ് ഓഫീസമാരായ മുരുകദാസ് , സജീവൻ, രാഗേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


