പിന്നീട് പിതാവിനും രോഗബാധിതയായ മുത്തശ്ശിക്കുമൊപ്പമാണ് കുട്ടികൾ കഴിഞ്ഞിരുന്നത്. ഇതിനിടെ പോക്സോ കേസിൽ പിതാവ് വീണ്ടും ജയിലിലായതോടെ ഭക്ഷണത്തിനുൾപ്പെടെയുള്ള കാര്യങ്ങള്‍ക്ക് കുട്ടികൾ ബുദ്ധിമുട്ടി.
ചെങ്ങന്നൂർ: അമ്മ ഉപേക്ഷിച്ച് പോവുകയും അച്ഛന്‍ ജയിലിലാവുകയും ചെയ്തതോടെ ആശ്രയമില്ലാതായ കുട്ടുകളുടെ സംരക്ഷണമേറ്റെടുത്ത് എക്സൈസ് ഉദ്യോഗസ്ഥന്‍. ഇദ്ദേഹത്തിന്‍റെ സംരക്ഷണയില്‍ കുട്ടികളെ കരിമുളയ്ക്കൽ ചിൽഡ്രൻസ് ഹോമിൽ പ്രവേശിപ്പിച്ചു. കഞ്ചാവ് കേസിൽ പ്രതിയായിരുന്ന യുവാവിന്‍റെ ഏഴും അഞ്ചും വയസ്സുള്ള കുട്ടികളെയാണ് ചിൽഡ്രൻസ് ഹോമിലാക്കിയത്. കഞ്ചാവ് വിൽപന, അടിപിടി തുടങ്ങിയ കേസുകളിൽ പ്രതിയായിരുന്നു ഇവരുടെ പിതാവ്. അമ്മ രണ്ട് വർഷം മുമ്പ് കുട്ടികളെ ഉപേക്ഷിച്ച് പോയിരുന്നു.
പിന്നീട് പിതാവിനും രോഗബാധിതയായ മുത്തശ്ശിക്കുമൊപ്പമാണ് കുട്ടികൾ കഴിഞ്ഞിരുന്നത്. ഇതിനിടെ പോക്സോ കേസിൽ പിതാവ് വീണ്ടും ജയിലിലായതോടെ ഭക്ഷണത്തിനുൾപ്പെടെയുള്ള കാര്യങ്ങള്‍ക്ക് കുട്ടികൾ ബുദ്ധിമുട്ടി. ഇതിനിടെ പ്രദേശത്ത് കഞ്ചാവ് വിൽപന നടക്കുന്നെന്ന പരാതിയെ തുടർന്ന് അന്വേഷണത്തിനെത്തിയ ചെങ്ങന്നൂർ അസി. എക്സൈസ് ഇൻസ്പെക്ടർ വി. അരുൺകുമാർ കുട്ടികളുടെ ദുരിതം അറിഞ്ഞു.
ഇദ്ദേഹം ഇവരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശിശുക്ഷേമ സമിതി ചെയർപഴ്സൻ ജലജ ചന്ദ്രൻ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ടി. വി. മിനിമോൾ എന്നിവർക്ക് അരുൺ കത്തയച്ചു. തുടർന്ന് കുട്ടികളുടെ സംരക്ഷമൊരുക്കുന്നതിനുള്ള കാര്യങ്ങള്‍ വേഗത്തിലായി. പഞ്ചായത്ത് ജാഗ്രതാസമിതി ചേർന്ന് കുട്ടികളുടെ സംരക്ഷണം കരിമുളയ്ക്കൽ ചിൽഡ്രൻസ് ഹോമിനെ ഏല്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റ് പി. വി. സജൻ, വാർഡ് മെംബർ ബിന്ദു കുരുവിള, ഐസിഡിഎസ് സൂപ്പർവൈസർ യു. സൗമ്യ മോൾ എന്നിവരും ജാഗ്രതാ സമിതി അംഗങ്ങളും ഒന്നിച്ചതോടെ കുട്ടികൾക്ക് കരിമുളയ്ക്കലിലെ ചിൽഡ്രൻസ് ഹോമിലേക്കുള്ള വഴിതുറക്കുകയായിരുന്നു.
