പാലക്കാട് ദേശീയ പാതയിൽ അമിതവേഗതയിൽ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിലുണ്ടായിരുന്ന യുവതി പൊലീസുമായി തർക്കത്തിലേർപ്പെട്ടു. മദ്യപിച്ച് അമിതവേഗതയിൽ വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്തു.

പാലക്കാട്: അമിതവേഗതയിൽ ദേശീയ പാതയിലൂടെ സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുത്തതിന് നടുറോഡിൽ പൊലീസുമായി തർക്കത്തിലേർപ്പെട്ട് വിനോദയാത്രാ സംഘം. യുവതിയുടെ നേതൃത്വത്തിലാണ് പൊലീസുമായി തർക്കമുണ്ടായത്. വാളയാർ പൊലീസ് പരിധിയിൽ ഇന്നലെ വൈകിട്ടാണ് ആഡംബരക്കാർ അമിതവേഗതയിൽ സഞ്ചരിക്കുന്ന വിവരം പൊലീസിന് കിട്ടുന്നത്. വാളയാറിലും കുഴൽമന്ദത്തും തടയാൻ ശ്രമിച്ചെങ്കിലും വാഹനം നിർത്തിയില്ല. ഇതോടെ ആലത്തൂർ പൊലീസ് സ്വാതി ജംഗ്ഷനിൽ വച്ച് വാഹനം തടഞ്ഞു.

വാഹനത്തിൽ ഉണ്ടായിരുന്നവർ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതോടെ സ്റ്റേഷനിലേക്ക് മാറ്റാൻ പൊലീസ് ശ്രമിച്ചു. ഇതിനിടയിലാണ് കാറിലുണ്ടായിരുന്ന യുവതി പൊലീസുമായി തർക്കിച്ചത്. മദ്യപിച്ച് അമിതവേഗതയിൽ വാഹനം ഓടിച്ചതിന് ഡ്രൈവർ ആലുവ സ്വദേശി ആദിൽ ലിയാക്കത്തിനെതിരെ കേസെടുത്തു. ആദിലിനു പുറമേ എറണാകുളം, തൃശൂർ സ്വദേശികളായ മൂന്ന് യുവതികളും കളമശ്ശേരി സ്വദേശിയായ യുവാവുമാണ് കാറിൽ ഉണ്ടായിരുന്നത്.