പാങ്ങാപ്പാറ സ്പെഷ്യൽ സ്കൂൾ ഹോസ്റ്റലിൽ 13 വയസ്സുള്ള ഭിന്നശേഷി കുട്ടിക്ക് അടിയന്തരമായി പ്രവേശനം നൽകാൻ ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു.കുട്ടിയുടെ പഠനം തടസ്സപ്പെടുത്തിയതിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനും കമ്മീഷൻ നിർദ്ദേശിച്ചു.
തിരുവനന്തപുരം: പാങ്ങാപ്പാറ സ്പെഷ്യൽ സ്കൂൾ ഹോസ്റ്റലിൽ 13 വയസ്സുളള ഭിന്നശേഷി കുട്ടിക്ക് അടിയന്തിരമായി പ്രവേശനം നൽകാൻ ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. കുട്ടിക്ക് കൗൺസിലിംഗ് നൽകാനും തടസ്സമില്ലാതെ ചികിത്സ നൽകാനും നടപടി സ്വീകരിക്കണം. പത്ത് മാസമായി കുട്ടിയുടെ പഠനം തടസ്സപ്പെടാൻ ഇടയാക്കിയ വിഷയത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണം. ഭിന്നശേഷി കുട്ടിയെ അപമാനിക്കുന്ന തരത്തിലും അവഹേളിക്കുന്ന തരത്തിലും ആരോപണങ്ങൾ ഉന്നയിച്ച പാങ്ങപ്പാറ സ്പെഷ്യൽ സ്കൂൾ ഡയറക്ടർക്കെതിരെ നിയമ നടപടി സ്വീകരിക്കാനും കമ്മീഷൻ ചെയർപേഴ്സൺ ശ്രീ.കെ.വി.മനോജ്കുമാർ, അംഗം ഡോ.എഫ്.വിൽസൺ എന്നിവരുടെ ഡിവഷൻ ബെഞ്ച് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
കുട്ടിയുടെ അച്ഛൻ മരണപ്പെട്ടതും അമ്മ മാനസികരോഗിയും കുട്ടി ഓട്ടിസത്തിന് ചികിത്സയിലുമാണ്. കുട്ടിയുടെ കുടുംബം അതിദാരിദ്ര്യ വിഭാഗത്തിലും സംരക്ഷിക്കുന്നതിന് പ്രാപ്തിയുള്ള ബന്ധുക്കളില്ലാത്തതുമാണ്. ഭിന്നശേഷി കുട്ടികളുടെ വിഷയങ്ങളിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ കുട്ടിയുടെ ഉത്തമ താൽപര്യം പരിഗണിക്കുകയും ഇവരെ കുറിച്ച് റിപ്പോർട്ട് ചെയ്യുമ്പോൾ മാന്യമായ പദപ്രയോഗം നടത്തുകയും വേണം. ഇത്തരം കുട്ടികളെ പുനരധിവസിപ്പിക്കാനുളള സ്ഥാപനം അതിന്റെ ലക്ഷ്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ സ്ഥാപനം അടച്ച് പൂട്ടുകയോ അത്തരം ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുകയോ ചെയ്യണം. സ്കൂൾ ഹോസ്റ്റലിൽ കുട്ടിയെ പ്രവേശിപ്പിക്കാത്തത് ഗുരുതരമായ അച്ചടക്ക ലംഘനവും കുട്ടിയുടെ വിദ്യാഭ്യാസ അവകാശത്തിന്റെ ലംഘനവുമായി കമ്മീഷൻ നിരീക്ഷിച്ചു. കമ്മീഷന്റെ ശുപാർശകളിന്മേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 2012 ലെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചട്ടങ്ങളിലെ ചട്ടം 45 പ്രകാരം പത്ത് ദിവസത്തിനകം സമർപ്പിക്കണമെന്നും നിർദേശം.


