കനത്ത ഇരുട്ടിൽ പാലത്തിന് താഴെ തെരച്ചിലുമായി മുങ്ങൽ വിദഗ്ധർ. ജനറേറ്ററിന്റെ സഹായത്തോടെ വെളിച്ചം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസും നാട്ടുകാരും

മൂഴിക്കുളം:അംഗനവാടിയിൽ നിന്ന് അമ്മ വിളിച്ചുകൊണ്ടുവരുന്നതിനിടെ കാണാതായ കല്യാണിക്കായി തെരച്ചിൽ തുടരുന്നു. മൂഴിക്കുളം പാലത്തിന് സമീപത്തായി കുഞ്ഞിനെ ഉപേക്ഷിച്ചതായി അമ്മ ചൂണ്ടിക്കാണിച്ച മേഖലയിലാണ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുള്ളത്. തെരച്ചിൽ മണിക്കൂറുകൾ പിന്നിടുമ്പോഴും പ്രതീക്ഷ കൈവെടിയാതെ പൊലീസും സേനകളും നാട്ടുകാരും തെരച്ചിൽ തുടരുകയാണ്. പുഴയിലെ തെരച്ചിൽ തുടരാൻ ജനറേറ്ററിന്റെ സഹായത്തോടെ വെളിച്ചം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസും നാട്ടുകാരുമുള്ളത്. 

നേരത്തെ കല്യാണിയുടെ അമ്മയെ പ്രദേശത്ത് കൊണ്ട് വന്നിരുന്നു. ഇവർ ചൂണ്ടിക്കാണിച്ച ഇടങ്ങളിലാണ് നിലവിൽ തെരച്ചിൽ നടക്കുന്നത്. മഴയായതിനാൽ പുഴയിലെ വെള്ളം കലങ്ങിയും മരത്തടികളും ഉള്ള സാഹചര്യമാണ്. കനത്ത ഒഴുക്കില്ലെങ്കിലും കലങ്ങിയ നിലയിലുള്ള വെള്ളം തെരച്ചിലിന് തടസമായിട്ടുണ്ട്. ആലുവ ഡിവൈഎസ്പി അടക്കമുള്ള സംഘമാണ് മൂഴിക്കുളത്ത് കല്യാണിക്കായി തെരച്ചിലിന് നേതൃത്വം നൽകുന്നത്. മറ്റിടങ്ങളിലെ തെരച്ചിൽ അവസാനിപ്പിച്ച് മൂഴിക്കുളം മേഖലയിലെ പാലത്തിന് സമീപത്തായാണ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുള്ളത്. 

നാലര മണിക്കൂർ പിന്നിട്ടതോടെ കനത്ത ഇരുട്ടിനെ മറികടക്കാനായി പ്രകാശം ഒരുക്കാനുള്ള നടപടികൾക്കായി നിലവിൽ തെരച്ചിൽ നിർത്തിയിരുന്നു. എന്നാൽ രാത്രിയിൽ തെരച്ചിൽ അവസാനിപ്പിക്കില്ലെന്നാണ് എംഎൽഎ വിശദമാക്കിയത്. മൂന്ന് മണിയോടെയാണ് കല്യാണിയെ അമ്മ അംഗനവാടിയിൽ നിന്ന് കൂട്ടിക്കൊണ്ട് പോയത്. ആലുവയിൽ നിന്ന് കൂടുതൽ പരിചയമുള്ള മുങ്ങൽ വിദഗ്ധർ സ്ഥലത്ത് എത്തി പരിശോധന നടത്തുമെന്നാണ് പൊലീസ് വിശദമാക്കുന്നത്. പാലത്തിന്റെ മധ്യ ഭാഗത്തായി സ്കൂബാ സംഘം തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് കല്യാണിയുടെ അമ്മയുള്ളത്. കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ അകൽച്ചയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. അമ്മ വ്യക്തമായി സംസാരിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്.കുടുംബപരമായി പ്രശ്നങ്ങൾ നിലവിലുള്ളതിനാൽ കുട്ടിയെ അച്ഛൻ്റെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഇവിടെ നിന്നാണ് അമ്മ കുട്ടിയെ കൊണ്ടുപോയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം