കോഴിക്കോട് മുക്കം നഗരസഭയിലെ മാമ്പറ്റ പ്രതീക്ഷ സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയാണ് ജനശ്രദ്ധയാകര്‍ഷിച്ചത്

കോഴിക്കോട്: ഭിന്നശേഷിക്കാരായ കുട്ടികളുടെ ആത്മവിശ്വാസവും സാമൂഹ്യ പങ്കാളിത്തവും ഉറപ്പാക്കുന്നതിനായി സംഘടിപ്പിച്ച ദോശ കാര്‍ണിവല്‍, വൈവിധ്യം കൊണ്ടും പങ്കാളിത്തം കൊണ്ടും വ്യത്യസ്ത അനുഭവമായി മാറി. കോഴിക്കോട് മുക്കം നഗരസഭയിലെ മാമ്പറ്റ പ്രതീക്ഷ സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയാണ് ജനശ്രദ്ധയാകര്‍ഷിച്ചത്. നാല്‍പതിലധികം വ്യത്യസ്ത ദോശകളുമായാണ് വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കുചേരാനെത്തിയത്. വൈവിധ്യമാര്‍ന്ന രുചിയൂറും ദോശകള്‍ അധ്യാപകരെയും ചടങ്ങില്‍ എത്തിച്ചേര്‍ന്ന അതിഥികളെയും ഒരുപോലെ അതിശയിപ്പിച്ചു. അതേസമയം തങ്ങളുടെ സുഹൃത്തുക്കള്‍ തയ്യാറാക്കിയ വിവിധതരം ദോശകള്‍ കണ്ട അത്ഭുതത്തിലും അതെല്ലാം രുചിച്ചു നോക്കുവാനുള്ള ആവേശത്തിലുമായിരുന്നു പ്രതീക്ഷ സ്‌കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍. കാര്‍ണിവല്‍ മുക്കം നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സി.എ പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. 

മികച്ച ദോശക്കുള്ള ഒന്നാം സ്ഥാനം ഗാലിയ കാരശ്ശേരിയും രണ്ടാംസ്ഥാനം ജോയിഷ് സന്തോഷും മൂന്നാം സ്ഥാനം ശ്രീഹരി പൊന്നാങ്കയവും കരസ്ഥമാക്കി. പി.ടി.എ പ്രസിഡന്റ് അസീസ് മലയമ്മ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മനീഷ ഉള്ളാട്ടില്‍, കൗണ്‍സിലര്‍ റൈനീഷ് നീലാംബരി, പ്രധാനാധ്യാപിക കെ ഷീബ, മാനേജര്‍ സി. ഹാരിസ്, ഒ.ടി പ്രഭാകരന്‍, സി പുഷ്പവല്ലി, വിജയ കുമാരി എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ പങ്കെടുത്ത അതിഥികളെല്ലാം മനസ്സും വയറും നിറഞ്ഞാണ് ഇവിടെ നിന്നും മടങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം