രഹസ്യ വിവരം കിട്ടിയാണ് ഇയാളെ അറസ്റ്റ് ചെയ്യാൻ പൊലീസുകാർ വീട്ടിലെത്തിയത്.
കൊല്ലം: ശാസ്താംകോട്ടയിൽ സ്കൂട്ടറിൽ കറങ്ങി നടന്ന് മദ്യ വിൽപ്പന നടത്തിവന്നയാളെ 19.625 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി അറസ്റ്റ് ചെയ്തു. പോരുവഴി സ്വദേശി കൃഷ്ണകുമാർ (37 വയസ്) ആണ് വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യ ശേഖരവുമായി പിടിയിലായത്. കൂടാതെ ഇയാളിൽ നിന്നും 750 ഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തി പിഴ ഈടാക്കുകയും ചെയ്തു.
ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എൻ.അബ്ദുൾ വഹാബിന്റെ നേതൃത്വത്തിൽ എക്സൈസ് സംഘം ഇയാളെ പിടികൂടാനായി വീട്ടിൽ എത്തുകയായിരുന്നു. എക്സൈസ് സംഘത്തെ കണ്ട ഉടനെ കൃഷ്ണകുമാർ വീടിനകത്ത് കയറി വാതിൽ അടച്ച് അകത്തിരുന്നു. ഇതിനിടെ വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിന്റെ ബോക്സ് പരിശോധിച്ചപ്പോൾ മദ്യം കണ്ടെത്തി. വാതിൽ തുറക്കാൻ തയ്യാറാവാതിരുന്നതോടെ എക്സൈസ് സംഘം വാതിൽ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. വീട്ടിൽ നിന്ന് 19.625 ലിറ്റർ മദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു. അനധികൃത മദ്യ വിൽപ്പന നടത്താൻ ഉപയോഗിച്ചിരുന്ന സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു.
എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വിനോദ് ശിവറാം, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വി.ഗോപൻ, പ്രിവന്റീവ് ഓഫീസർ മനൂ.കെ.മണി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ജോൺ.പി, സിവിൽ എക്സൈസ് ഓഫീസർമാരായ നിഷാദ് എം, എസ്.സുജിത് കുമാർ, ഗോപകുമാർ, വനിത സിവിൽ എക്സൈസ് ഓഫീസർ ഷീബ എസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിനീഷ് വി.ജി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
