പാ൪ട്ടി ഓഫീസിനെ ചൊല്ലിയുള്ള ത൪ക്കത്തിൽ രാത്രിയിലും നാടകീയ രംഗങ്ങൾ. സിപിഎം കയ്യേറിയ ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവ൪ത്തക൪ പതാക ഉയ൪ത്തി
പാലക്കാട്: പാലക്കാട് കോട്ടായി പാ൪ട്ടി ഓഫീസിനെ ചൊല്ലിയുള്ള ത൪ക്കത്തിൽ രാത്രിയിലും നാടകീയ രംഗങ്ങൾ. സിപിഎം കയ്യേറിയ ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവ൪ത്തക൪ പതാക ഉയ൪ത്തി. പ്രതിഷേധവുമായെത്തിയ കോൺഗ്രസ് പ്രവ൪ത്തകരാണ് പതാക ഉയ൪ത്തിയത്. സംഘ൪ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ആലത്തൂ൪ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പൊലീസ് വിന്യാസം. തഹസിൽദാ൪ സ്ഥലം സന്ദ൪ശിച്ചു. പാലക്കാട് കോട്ടായിയിൽ വൻ സംഘർഷാവസ്ഥയാണുള്ളത്. കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ചുവപ്പ് പെയിന്‍റ് അടിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു.
സിപിഎമ്മിലേക്ക് ചേർന്ന കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റായിരുന്ന കെ മോഹൻ കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് കമ്മിറ്റി ഓഫീസിലെത്തി ആദ്യം നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. പൊലീസ് താഴിട്ടുപൂട്ടിയ ഓഫീസിന്‍റെ പൂട്ടുപൊളിക്കാൻ ഇവര്‍ ശ്രമിച്ചതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തേക്കെത്തി. മോഹൻ കുമാറിനെയും സിപിഎം പ്രവർത്തകരെയും കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതോടെ സ്ഥലത്ത് ഉന്തും തള്ളുമുണ്ടായി. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്ത് എത്തി. സിപിഎം പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള വാക്കുതര്‍ക്കം കയ്യാങ്കളിയിലേക്കും സംഘര്‍ഷത്തിലേക്കും നീങ്ങിയതോടെ പൊലീസ് ലാത്തിവീശുകയും ചെയ്തു.


