10 മില്ലിക്ക് 1500 രൂപ; കൊറിയർ വഴി മയക്കുമരുന്ന് വിൽപന, 2 പേർ അറസ്റ്റിൽ; പിടിച്ചെടുത്തത് 100 കുപ്പി
ഓൺലൈൻ വഴി മയക്കുമരുന്ന് എത്തിച്ച് വിപണനം നടത്തുന്ന സംഘത്തെക്കുറിച്ച് എക്സൈസിന് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു.

ആലപ്പുഴ: കൊറിയർ മുഖേന മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനികൾ ആലപ്പുഴയിൽ അറസ്റ്റിൽ. കൊല്ലം സ്വദേശികളായ അമീർഷാ, ശിവൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് ഡയ്സിപാം ഇൻജക്ഷൻ്റെ 100 കുപ്പികൾ പിടിച്ചെടുത്തു. ഓൺലൈൻ വഴി മയക്കുമരുന്നുകൾ ഓർഡർ ചെയ്ത് വരുത്തി വിൽക്കുകയായിരുന്നു. പത്ത് മില്ലിയുടെ ഒരു കുപ്പി 1500 രൂപക്കാണ് ഇവർ വിറ്റിരുന്നത്.
ഓൺലൈൻ വഴി മയക്കുമരുന്ന് എത്തിച്ച് വിപണനം നടത്തുന്ന സംഘത്തെക്കുറിച്ച് എക്സൈസിന് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇവർ അന്വേഷണം നടത്തിവരികയായിരുന്നു. ഈ അന്വേഷണമാണ് റെയിഡിലേക്ക് നയിച്ചത്. രാത്രിയോടെ മെഡിക്കൽ ഷോപ്പിനോട് ചേർന്ന് നടത്തുന്ന കൊറിയർ സ്ഥാപനത്തിൽ ഉദ്യോഗസ്ഥരെത്തുകയായിരുന്നു. ഇവിടെ നിന്നും 2 പേരെ പിടികൂടി. ഓൺലൈനായി പണമടച്ച്, കൊറിയർ വഴി മയക്കുമരുന്ന് എത്തിക്കുകയായിരുന്നു ഇവർ. മാരക മയക്കുമരുന്നാണ് പിടിച്ചെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ ആളുകൾ പിടിയിലാകുമെന്നാണ് പൊലീസ് പറയുന്നത്.
കൊറിയർ മുഖേന മയക്കുമരുന്ന് കടത്ത്;സംഘത്തിലെ പ്രധാനികൾ അറസ്റ്റിൽ