ക്ഷേത്രത്തിൽ പൂജ നടക്കുന്ന സമയം നാലമ്പലത്തിനകത്തേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച അശോകനെ ക്ഷേത്ര ജീവനക്കാരി തടഞ്ഞിരുന്നു

തിരുവനന്തപുരം: കിളിമാനൂരിൽ ക്ഷേത്ര ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ കഞ്ചാവ് അശോകൻ എന്ന അശോകൻ പിടിയിൽ. കിളിമാനൂർ പുതിയകാവ് ക്ഷേത്രം ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ കേസിലാണ് കിളിമാനൂർ സ്വദേശി കഞ്ചാവ് അശോകൻ എന്ന് വിളിക്കുന്ന അശോകനെ കിളിമാനൂർ പൊലീസ് പിടികൂടിയത്. ക്ഷേത്രത്തിൽ പൂജ നടക്കുന്ന സമയം നാലമ്പലത്തിനകത്തേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച അശോകനെ ക്ഷേത്ര ജീവനക്കാരി തടഞ്ഞിരുന്നു. തുടർന്ന് ഇയാൾ ഇവരെ അപമാനിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. മദ്യപിച്ച് പൊതുജന ഉപദ്രവം ഉണ്ടാകുന്ന അശോകനെ കുറിച്ച് മുൻപും പരാതികൾ ഉയർന്നിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ്, സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ എന്നിവർ ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു.